Daily Saints

സെപ്റ്റംബര്‍ 3: വിശുദ്ധ ഗ്രിഗറി പാപ്പ


റോമാ നഗരത്തില്‍ ഏകാന്തമായ ഒരു മുറിയില്‍ അജ്ഞാതനായ ഒരു മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചു. ഈ വാര്‍ത്ത മാര്‍പ്പാപ്പാ കേട്ടപ്പോള്‍ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു ശിക്ഷയായി വിശുദ്ധ കുര്‍ബാന സമര്‍പ്പിക്കുകയില്ലെന്ന് നിശ്ചയിച്ച ആളാണ് 590 മുതല്‍ 604 വരെ തിരുസ്സഭയെ ഭരിച്ച ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പാ. അയല്‍ക്കാരന്റെ സംരക്ഷണവും കൂടി തന്റെ ചുമതലയായിക്കരുതിയ മാര്‍പ്പാപ്പായുടെ ഹൃദയം ഏത് തരമായിരുന്നുവെന്ന് വ്യക്തമാണ്.

ഒരു സെനറ്റര്‍ കുടുംബത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗോര്‍ഡിയാനൂസിന്റെ മകനായിട്ടാണ് ഗ്രിഗറി ജനിച്ചത്. സില്‍വിയാ പുണ്യവതിയായിരുന്നു അമ്മ. മുപ്പതാമത്തെ വയസ്സില്‍ ഗ്രിഗറി തന്റെ വസ്തുവകകളെല്ലാം ഏഴ് ആശ്രമങ്ങള്‍ സ്ഥാപിക്കാനായി വിട്ടുകൊടുത്തു. സ്വഭവനം ഒരാശ്രമമായി മാറി; അതാണ് റോമയിലുള്ള വിശുദ്ധ ആന്‍ഡ്രൂവിന്റെ ആശ്രമം. അവിടത്തെ രണ്ടാമത്തെ ആബട്ടു വലന്റയിന്റെ കാലത്ത് 575-ല്‍ ഗ്രിഗറി സന്യാസവസ്ത്രം സ്വീകരിച്ചു. ആശ്രമത്തിലെ ഹ്രസ്വമായ ജീവിതമാണ് തന്റെ ജീവിതത്തിലെ എത്രയും സൗഭാഗ്യകരമായ ദിനങ്ങളെന്ന് ഗ്രിഗരി പിന്നീട് പ്രസ്താവിച്ചു.

ജസ്റ്റസ് എന്ന ഒരു സന്യാസി മൂന്നു സ്വര്‍ണ്ണക്കഷണം സ്വന്തമായി സൂക്ഷിച്ചുവച്ചിരുന്നു. അതു വെളിയില്‍ വന്നപ്പോള്‍ ആ സന്യാസിയോട് ആരും സംസാരിച്ചുകൂടെന്ന് ഗ്രിഗറി നിശ്ചയിച്ചു; സന്യാസികളെ സംസ്‌ക്കരിക്കുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്‌ക്കരിച്ചില്ല. എങ്കിലും അദ്ദേഹത്തിനുവേണ്ടി ദിനംപ്രതി വിശുദ്ധ കുര്‍ബാന മുടക്കം കൂടാതെ സമര്‍പ്പിക്കണമെന്ന് ഗ്രിഗറി ആജ്ഞാപിച്ചു. മുപ്പതാം ദിവസം ജസ്റ്റസ്സിന്റെ ആത്മാവ് ബ്രദര്‍ കോപ്പിയോസൂസ്സിന് പ്രത്യക്ഷപ്പെട്ടു താന്‍ ശുദ്ധീകര സ്ഥലത്തുനിന്ന് മോചിതനായ വിവരം അറിയിച്ചു. ഈ സംഭവമാണ് ഗ്രിഗോറിയന്‍ കുര്‍ബാനയുടെ അടിസ്ഥാനം.

ഒരു ദിവസം ചന്ത സ്ഥലത്ത് ഗ്രിഗറി നടക്കുമ്പോള്‍ കുറെ ഇംഗ്ലീഷു ബാലന്മാരെ വില്പനയ്ക്കായി നിറുത്തിയിരിക്കുന്നത് അദ്ദേഹം കണ്ടു. ‘അവര്‍ ഏത് വര്‍ഗ്ഗക്കാരാണ്?’ അദ്ദേഹം ചോദിച്ചു. ‘ആങ്കിള്‍സ്’ എന്ന് മറുപടി കിട്ടി . ‘എയിഞ്ചല്‍സ്, അതെ, മാലാഖാമാര്‍ ആകാന്‍ അവര്‍ അര്‍ഹര്‍ തന്നെ. അവരുടെ രാജാവാരാണ്?’ ‘എല്ലാ’ എന്നു പ്രതിവചിച്ചു ‘കൊള്ളാം, എല്ലായുടെ രാജ്യത്ത് ഹല്ലേലുയ്യാ പാടണം.’ ഗ്രിഗറി പറഞ്ഞു. അതു സാധിക്കാനായി ബെനഡിക്ട് മാര്‍പാപ്പായുടെ അനുവാദത്തോടുകൂടെ ഫാ. ഗ്രിഗറി ഇംഗ്ലണ്ടിലേക്ക് പോയി. ഇദ്ദേഹത്തിന്റെ അഭാവം റോമയിലെ സഭയ്ക്ക് നഷ്ടമാണെന്ന് പലരും പറയുകയാല്‍ ഗ്രിഗറിയെ മടക്കി വിളിച്ചു.

പെലാജിയൂസൂ ദ്വിതീയന്‍ പാപ്പായുടെ മരണാനന്തരം ഗ്രിഗറിയെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തു. പതിനാലു കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണം വമ്പിച്ച വിജയമായിരുന്നു. ശീശ്മകള്‍ പരിഹരിച്ചു; ആര്യന്‍ പാഷണ്ഡികളെ മാനസാന്തരപ്പെടുത്തി. ജോബിന്റെ പുസ്തകത്തിലെ സന്മാര്‍ഗ്ഗതത്വങ്ങള്‍, ആത്മപാലനം, ഡയലോഗ് മുതലായ പല ഗ്രന്ഥങ്ങളുടേയും കര്‍ത്താവാണ് ഗ്രിഗറി.

എണ്ണൂറോളം എഴുത്തുകള്‍ 14 കൊല്ലത്തിനിടയ്ക്ക് അദ്ദേഹം എഴുതുകയുണ്ടായി. ‘ദൈവ ദാസന്മാരുടെ ദാസന്‍’ എന്ന പ്രയോഗം ഗ്രിഗറി ഒന്നാമനാണ് ആദ്യം സ്വീകരിച്ചത്. ഗ്രിഗോറിയന്‍ ഗാനം എന്ന വാക്കും അദ്ദേഹത്തില്‍നിന്നുണ്ടായിട്ടുള്ളതാണ്. അധ്വാനവും തപസ്സും കൊണ്ട് ക്ഷീണിതനായി 64-ാമത്തെ വയസ്സില്‍ ഗ്രിഗറി നിര്യാതനായി.


Leave a Reply

Your email address will not be published. Required fields are marked *