Diocese News

ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍


വീഡിയോ സ്‌റ്റോറി കാണാന്‍ ക്ലിക്ക് ചെയ്യൂ

വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്നും മംഗളവാര്‍ത്ത സ്വീകരിച്ച പരിശുദ്ധ മറിയത്തെപ്പോലെ ദൈവിക പദ്ധതികള്‍ സ്വീകരിച്ച പുണ്യാത്മാവാണ് അദ്ദേഹമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

‘പരിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ പവര്‍ ഹൗസ്. സഭ ആരംഭിക്കുന്നത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു.” മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

തൃശ്ശൂര്‍ രൂപതയിലെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴാണ് ചിറ്റിലപ്പിള്ളി പിതാവിനെ ബോംബെയിലേക്ക് അയയ്ക്കുന്നത്. താരതമ്യേന ചെറിയ സ്ഥാനായിരുന്ന അത് ഏറ്റെടുക്കാന്‍ ചിറ്റിലപ്പിള്ളി പിതാവ് ഒട്ടും മടികാണിച്ചില്ല. ബോംബെയിലെ ആദ്യകാലങ്ങളില്‍ ഒരു ചായ്പ്പിലായിരുന്നു അദ്ദേഹം അന്തിയുറങ്ങിയിരുന്നത്. അദ്ദേഹം തീവണ്ടികളില്‍ ചാടി കയറുന്നതും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. മറിയം ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ് കല്യാണ്‍ രൂപതയെ സ്വീകരിച്ചത്. ഇന്ന് സീറോ മലബാര്‍ സഭയിലെ മികച്ച രൂപതകളിലൊന്നാണ് കല്യാണ്‍. ചിറ്റിലപ്പിള്ളി പിതാവിന്റെ കണ്ണീരും വിയര്‍പ്പും അദ്ധ്വാനവുമാണ് അതിനു പിന്നില്‍.” അദ്ദേഹം അനുസ്മരിച്ചു.

ചിറ്റിലപ്പിള്ളി പിതാവിലൂടെ താമരശ്ശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മദിനം എന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി താമരശ്ശേരി രൂപതയിലേക്ക് കടന്നു വന്ന മാര്‍ റാഫേല്‍ തട്ടിലിനെ ബിഷപ് സ്വാഗതം ചെയ്തു. പ്രത്യേക സാഹചര്യങ്ങളിലൂടെ സീറോ മലബാര്‍ സഭ കടന്നു പോകുമ്പോള്‍ കൃത്യമായ ദിശാബോധം നല്‍കി സഭയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പിനെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം ഓര്‍മ്മിക്കണമെന്ന് ബിഷപ് പറഞ്ഞു.

സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, എംസിബിഎസ് കോഴിക്കോട് പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു ഓലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈദികരും സന്യസ്തരും ഇടവക പ്രതിനിധികളും ദിവ്യബലിയിലും അനുസ്മരണ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദി പറഞ്ഞു. താമരശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല, മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി  ഫാ. ജോര്‍ജ് നരിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Leave a Reply

Your email address will not be published. Required fields are marked *