സെപ്തംബര്‍ 9: വിശുദ്ധ പീറ്റര്‍ ക്ലാവര്‍
പീററര്‍ ക്ലാവര്‍ സ്‌പെയിനില്‍ ബാഴ്‌സെലൊണാ സര്‍വകലാശാലയില്‍ പഠിച്ചശേഷം 21-ാമത്തെ വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്നു. നൊവീഷ്യേറ്റ് തരഗോണയില്‍ നടത്തി. മജോര്‍ക്കയില്‍ പഠനം പൂര്‍ത്തിയാക്കി 1610-ല്‍ അദ്ദേഹം അമേരിക്കയിലേക്കു പോയി. സാന്തഫേയില്‍ വച്ചു 34-ാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. അന്നു മുതല്‍ നീഗ്രോമാരുടെ ഇടയില്‍ അദ്ദേഹം മിഷനറി പ്രവര്‍ത്തനം തുടങ്ങി.
ആഫ്രിക്കന്‍ നീഗ്രോമാരെ പിടിച്ച് അമേരിക്കയില്‍ അടിമയായി വില്‍ക്കുന്ന സമ്പ്രദായം 1500-ല്‍ ആരംഭിച്ചുവെന്നു പറയാം. 1616-ല്‍ കാര്‍ത്തജേനാ തുറമുഖത്തു മാസന്തോറും ആയിരം അടിമകള്‍ വന്നുചേരാറുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെടുന്ന നീഗ്രോമാര്‍ ആഫ്രിക്കന്‍ രാജാക്കന്മാര്‍ വില്ക്കുന്നവരാണ്. അടിമക്കപ്പലുകളില്‍ അടിമകളെ കുന്നു പോലെ കൂട്ടിയിട്ടാണു കൊണ്ടുവരുന്നത്. മാര്‍ഗ്ഗമധ്യേ പകുതി പേര്‍ മരിച്ചുപോകുന്നു. തുറമുഖത്ത് അടിമകളെ ഇറക്കുമ്പോള്‍ ദയനീയമാണു കാഴ്ച.
ഓരോ കപ്പലും വന്നുചേരുമ്പോള്‍ അടിമകള്‍ക്കു വേണ്ട ഭക്ഷണസാധനങ്ങളും പാനീയങ്ങളും കൊണ്ടു ഫാ. ക്ലാവറും സഹായകരും ഓടിയെത്തിയിരുന്നു. മരിക്കാറായവര്‍ക്ക് അന്ത്യകൂദാശകള്‍ നല്കിയിരുന്നു; ശേഷം അവരോട് ആശ്വാസ വചസ്സുകള്‍ പറയും. ചിലരെ വേണ്ട ഉപദേശങ്ങള്‍ കൊടുത്തു ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. മൂന്നുലക്ഷം അടിമകളെ ഫാ. ക്ലാവര്‍ ശുശ്രൂഷിച്ചിട്ടുണ്ട്.
അടിമകളുടെ സേവനം കഴിഞ്ഞു ബാക്കിയുള്ള സമയം യൂറോപ്യരുടെ ആത്മീയകാര്യങ്ങള്‍ ഫാ. ക്ലവര്‍ ശ്രദ്ധിച്ചു പോന്നു. അടിമകള്‍ക്ക് ആത്മാവില്ലെന്നും അവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നതു വെറുതേയാണെന്നും പറഞ്ഞിരുന്ന വെള്ളക്കാരുടെ ഹൃദയത്തെ മാനസാന്തരപ്പെടുത്തുക, ചീഞ്ഞു നാറിയിരുന്ന മുറിവുകള്‍ വെച്ചുകെട്ടുന്നതിനേക്കാള്‍ പ്രയാസമായിരുന്നു.
നാലു കൊല്ലത്തോളം ഫാ. ക്ലാവര്‍ അസുഖമായി കിടന്നു. ആവലാതിയൊന്നും കൂടാതെ സഹിച്ചു. 1654 സെപ്തംബര്‍ 8-ന് ഫാ. ക്ലാവര്‍ അന്തരിച്ചു. 40 വര്‍ഷത്തെ അധ്വാനത്തിനിടയ്ക്ക് അദ്ദേഹം മൂന്നു ലക്ഷം പേരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്.