സെപ്തംബര്‍ 18: വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ
കുപ്പെര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫുദേശാ ജനിച്ചു. എട്ടാമത്തേ വയസ്സുമുതല്‍ അവനു സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാല്‍ കൂട്ടുകാര്‍ അവനെ ‘വാപൊ ളിയന്‍’ എന്നാണ് വിളിച്ചിരുന്നത്. കുറേനാള്‍ ഒരു തോല്‍പ്പണിക്കാരന്റെ കൂടെ ജോലിചെയ്തു. 17-ാമത്തെ വയസ്സില്‍ ഫ്രന്‍സിസ്‌ക്കന്‍ സഭയിലും കപ്പൂച്ചിന്‍ സഭയിലും അവന്‍ പ്രവേശനത്തിന് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അവന്‍ മണ്ടനും വാപൊളിയനുമാണെന്നു പറഞ്ഞ് പ്രവേശനം നിഷേധിക്കുകയാണുചെയ്തത്.
എന്നാല്‍ ലാഗോട്ടെല്ലെ എന്ന സ്ഥലത്തെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ അവനു കന്നുകാലി നോട്ടക്കാരനായി ജോലി കിട്ടി. അവന്റെ പ്രായശ്ചിത്തങ്ങളും എളിമയും അനുസരണയും തലവന്മാരുടെ ശ്രദ്ധയില്‍പെടുകയും 25-ാമത്തെ വയസ്സില്‍ അവനു പൗരോഹിത്യം നല്കുകയും ചെയ്തു. വേണ്ടപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനം ഏതു ദൈവശാസ്ത്ര പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനു നല്കി. പരഹൃദയ ജ്ഞാനവും പ്രവചനവരവും അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിനു വായുവില്‍ക്കൂടെ പറക്കുവാനുള്ള കഴിവുണ്ടായിരുന്നുവെന്നും പള്ളിയുടെ വാതില്‍ക്കല്‍നിന്ന് ബലിപീഠത്തിലേക്കു ജനക്കൂട്ടത്തിന്റെ മീതെകൂടെ പറക്കുന്നതു നൂറുകണക്കിന് ആളുകള്‍ കണ്ടിട്ടുണ്ടെന്നും ജീവചരിത്രകാരന്മാര്‍ പറയുന്നു. ഒരിക്കല്‍ അദ്ദേഹം പറന്ന് ഒരു ഒലിവുമരത്തിന്റെ കൊമ്പിലിരുന്ന് അരമണിക്കൂര്‍ ധ്യാനിക്കുകയുണ്ടായത്രേ. ഇതു കേട്ട് ജനങ്ങള്‍ ആശ്രമത്തില്‍ തിങ്ങിക്കൂടിയിരുന്നതിനാല്‍ അദ്ദേഹത്തെ അജ്ഞാതമായ ആശ്രമങ്ങളിലേക്കു മാറിമാറി അയച്ചുകൊണ്ടിരുന്നു. ഒരു വിശുദ്ധന്റെ നാമമോ ദൈവാലയ മണിനാദമോ കേട്ടാല്‍മതി അദ്ദേഹം സമാധിയിലമരാന്‍.
ഫാ. ജോസഫ് ഒരു സന്തുഷ്ട പ്രകൃതിയായിരുന്നെങ്കിലും പല ഏഷണികളും ദൂഷണങ്ങളും അദ്ദേഹത്തിനെതിരെ ചിലര്‍ പറഞ്ഞുപരത്തിയിരുന്നു. അതുമൂലം അദ്ദേഹം ഏറെ കഷ്ടതകള്‍ സഹിക്കേണ്ടിവന്നു. വര്‍ഷത്തില്‍ ഏഴു പ്രാവശ്യം 40 ദിവസത്തെ നോമ്പ് ആചരിച്ചിരുന്നു. ഘനരാഹിത്യം കൊണ്ട് അലംകൃതനായ ഈ സന്യാസി 61-ാമത്തെ വയസ്സില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.