സെപ്തംബര്‍ 16: വിശുദ്ധ കൊര്‍ണേലിയൂസ് പാപ്പാ
250 ജനുവരി 20-ന് വിശുദ്ധ ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേക്കു മാര്‍പ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കരമായിരുന്നു അന്നത്തെ ചക്രവര്‍ത്തി ഡേസിയൂസ് നടത്തിയ മതപീഡനം. കൊര്‍ണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മാര്‍പാപ്പായായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ സമകാലികനായ വിശുദ്ധ സിപ്രിയന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
അക്കാലത്തു ഒരു വലിയ തര്‍ക്കമുണ്ടായി. വിഗ്രഹങ്ങളെ ധൂപിച്ചവരായാലും വിഗ്രഹങ്ങളെ ധൂപിച്ചുവെന്നു സര്‍ട്ടിഫിക്കറ്റു വാങ്ങിയവരായാലും അവരെ തിരിച്ചെടുത്തുകൂടെന്നു നൊവേഷ്യന്‍ വാദിച്ചു. ഈ ആഫ്രി ക്കന്‍ താമസിയാതെ ഒരു എതിര്‍പാപ്പായായി പ്രത്യക്ഷപ്പെട്ടു. കൊര്‍ണേലിയൂസ് പാപ്പാ റോമയില്‍ 60 മെത്രാന്മാരെ വിളിച്ചു വരുത്തി ഒരു സൂനഹദോസു നടത്തി. നൊവേഷ്യനും സന്നിഹിതനായിരുന്നു. സൂനഹദോസു അദ്ദേഹത്തെ മഹറോന്‍ ചൊല്ലി. നൊവേഷ്യന്‍ മനസ്തപിച്ചില്ല. സിപ്രിയന്‍ കൊര്‍ണേലിയൂസ് പാപ്പായുടെ കൃത്യബോധത്തേയും കാരുണ്യത്തേയും വാനോളം പുകഴ്ത്തി.
ഡേസിയൂസു 251-ല്‍ മരിച്ചു; അദ്ദേഹത്തിന്റെ സൈന്യാധിപന്‍ ഗാലൂസു ചക്രവര്‍ത്തിയായി. ഉടനെ ഒരു വസന്ത പടര്‍ന്നുപിടിച്ചതിനാല്‍ ക്രിസ്ത്യാനികളെ ബലിചെയ്തു ദേവന്മാരെ പ്രസാദിപ്പിക്കണമെന്നു ഗാലൂസു നിശ്ചയിച്ചു; കൊര്‍ണേലിയൂസിനുതന്നെ ആദ്യത്തേ രക്തസാക്ഷിത്വ മകുടം സിദ്ധിച്ചു.