Daily Saints

സെപ്തംബര്‍ 21: വിശുദ്ധ മത്തായി ശ്ലീഹ


വിശുദ്ധ മത്തായിയെ വിശുദ്ധ മാര്‍ക്ക് വിളിക്കുന്നത് അല്‍ഫേയുടെ മകനായ ലേവി എന്നാണ്. ഗലീലിയിലാണ് അദ്ദേഹം ജനിച്ചത്. റോമാക്കാര്‍ക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴില്‍. ചുങ്കക്കാരോട് സ്വാഭാവികമായി യഹൂദര്‍ക്ക് വെറുപ്പായിരുന്നു.

മത്തായി ശ്ലീഹ യഹൂദനായിരുന്നു. ജെനാസറെത്ത് തടാകത്തില്‍ലൂടെയും ടിബേരിയസു സമുദ്രത്തിലൂടേയും വരുന്ന സാമാനങ്ങളുടേയും ജലയാത്രക്കാരുടേയും ചുങ്കമാണ് അദ്ദേഹം പിരിച്ചിരുന്നത്.

ഈശോ ഒരു തളര്‍വാദ രോഗിയെ സുഖപ്പെടുത്തിയശേഷം ജെനാസറത്ത് തടാകത്തിന്റെ തീരത്തുകൂടെ നടക്കുമ്പോഴാണ് ചുങ്കക്കാരന്‍ ലേവിയെ അപ്പസ്‌തോലനായി വിളിച്ചത്. ലേവി ധനികനും വിവേകിയുമായിരുന്നു. സമ്പത്തിനുപകരം ദാരിദ്ര്യത്തെ വേള്‍ക്കണമോ എന്ന ചോദ്യം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പൊന്തിവന്നിട്ടുണ്ടായിരിക്കണം. ബാഹ്യമായി വിളിച്ചവന്‍ ആന്തരികമായ കൃപാവരം കൊണ്ട് മനസ്സിനെ ഇളക്കി. പ്രഥമാഹ്വാനത്തില്‍ത്തന്നെ ലേവി മനസ്സുതിരിഞ്ഞു. ആഹ്‌ളാദഭരിതനായി ചുങ്കക്കാരെയെല്ലാം വിളിച്ച് ക്രിസ്തുവിനും അപ്പസ്‌തോലന്മാര്‍ക്കും ഒരു വിരുന്നുകൊടുത്തു. ഫരിസേയര്‍ക്ക് അത് ഉതപ്പായെങ്കിലും ഈശോ വിരുന്ന് സ്വീകരിച്ചു.

തോണിയും വലയും ഉപേക്ഷിച്ച് അപ്പസ്‌തോലന്മാരായിത്തീര്‍ന്നവര്‍ പിന്നീടും മീന്‍പിടിക്കാന്‍ പോയിട്ടുണ്ട്. എന്നാല്‍ ലേവി പിന്നീട് ചുങ്കം പിരിക്കാന്‍ പോയിട്ടില്ല. ലേവി എന്ന പേരു മാറ്റി യഹോവയുടെ ദാനമെന്നര്‍ത്ഥമുള്ള മത്തായി എന്ന പേര് ഈശോ നല്കിയതായിരിക്കാം.

കര്‍ത്താവിന്റെ മരണശേഷം ആദ്യം സുവിശേഷം എഴുതിയത് മത്തായിയാണ് ‘അങ്ങാണോ വരാനിരിക്കുന്നവന്‍ അതോ വേറൊരാളെ കാത്തിരിക്കണമോ’ എന്ന സ്‌നാപകയോഹന്നാന്റെ ചോദ്യത്തിനുള്ള ഉത്തരംപോലെ തോന്നും മത്തായിയുടെ സുവിശേഷം. സ്വദേശികള്‍ക്കായി സുവിശേഷം രചിക്കാനുദ്ദേശിച്ച മത്തായി സ്വദേശിയരുടെ ഭാഷയില്‍, അതായത് അരമയ ഭാഷയില്‍ സുവിശേഷം രചിച്ചുവെന്നാണ് പൊതുവായ അഭി പ്രായം.

ഹെറോദ് അഗ്രിപ്പായുടെ മതമര്‍ദ്ദനം ആരംഭിച്ച 42-ാം ആണ്ടിനും ജെറൂസലം സൂനഹദോസ് നടന്ന 50-ാം ആണ്ടിനും മധ്യേ ആയിരിക്കണം വിശുദ്ധ മത്തായി സുവിശേഷം എഴുതിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ അത് ഗ്രീക്കിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടുവെന്ന് പറയപ്പെടുന്നു. അരമയ മൂല കൃതി നഷ്ടപ്പെട്ടുപോയി. പ്രചാരത്തിലുള്ള സുറിയാനി സുവിശേഷം ഗ്രീക്കില്‍നിന്ന് വിവര്‍ത്തനം ചെയ്തതാണ്.

ദൈവത്തിന്റെ സിംഹാസനം ഒരു മനുഷ്യന്‍, ഒരു സിംഹം, ഒരു കാള, ഒരു കഴുകന്‍ എന്നിങ്ങനെ നാല് ജീവികള്‍ താങ്ങി നില്ക്കുന്നതായ ഒരു കാഴ്ച എസെക്കിയേല്‍ പ്രവാചകന്‍ വിവരിച്ചിട്ടുണ്ട് (1:10). അവ നാല് സുവിശേഷകരുടെ പ്രതീകങ്ങളായി കരുതപ്പെടുന്നു. ക്രിസ്തുവിന്റെ മനുഷ്യത്വത്തിനു പ്രാധാന്യം കൊടുത്തിട്ടുള്ള മത്തായി സുവിശേഷകന്റെ പ്രതീകം മനുഷ്യനാണ്. സുവിശേഷകനായ മത്തായി പലസ്തീനായിലും എത്യോപയിലും പാര്‍ത്ഥ്യായിലും പേര്‍ഷ്യയിലും സുവിശേഷം പ്രസംഗിക്കുകയും അവസാനം രക്തസാക്ഷിയായി മരിക്കുകയും ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *