Daily Saints

ഒക്ടോബര്‍ 9: വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി


മതപരിവര്‍ത്തനവും ട്രെന്റ് സൂനഹദോസും സമാപിച്ച ഉടനെ തിരുസ്സഭയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വളരെ അധികം അധ്വാനിച്ച ഒരു വൈദികനാണ് ജോണ്‍ ലെയോനാര്‍ഡി. അദ്ദേഹം ഇറ്റലിയില്‍ ലൂക്കാ എന്ന പ്രദേശത്തു ജനിച്ചു. ഏതാനും നാള്‍ ഔഷധവ്യാപാരത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ആ തൊഴിലുപേക്ഷിച്ച്, ദൈവശാസ്ത്രം പഠിച്ച് 33-ാമത്തെ വയസ്സില്‍ വൈദികനായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി പല യുവജനങ്ങളും അദ്ദേഹത്തിന്റെ സംരക്ഷണയില്‍ പുരോഹിത ശിക്ഷണം സ്വീകരിച്ചുപോന്നു.

ലൂക്കാ റിപ്പബ്ലിക്ക് സന്യാസസഭകള്‍ക്കെതിരായിരുന്നതിനാല്‍ 13-ാം ഗ്രിഗോറിയോസ് പാപ്പായുടെ അംഗീകാരത്തോടുകൂടി അദ്ദേഹം ദൈവമാതാവിന്റെ വൈദികരുടെ ഒരു സന്യാസ സഭ സമാരംഭിച്ചു. രാഷ്ട്രീയമായ കാരണങ്ങളാല്‍ സഭയ്ക്ക് എതിര്‍പ്പുണ്ടാകുകയും അദ്ദേഹത്തന് ജീവിതശിഷ്ടം ലൂക്കാനഗരത്തിനു പുറമേ വസിക്കേണ്ടതായും വന്നു. വിശുദ്ധ ഫിലിപ്പുനേരി അദ്ദേഹത്തിനു വളരെയേറെ പ്രോല്‍സാഹനം നല്കി.

1579-ല്‍ അദ്ദേഹം വേദപഠനത്തിനുള്ള സഖ്യം ആരംഭിച്ചു. റോമയിലെ പ്രൊപ്പഗാന്ററാ കോളേജിന്റെ സ്ഥാപകരില്‍ ഒരാളാണു അദ്ദേഹം. ഒരു ക്രിസ്തീയ തത്വസംഹിത അദ്ദേഹം പ്രസിദ്ധം ചെയ്തു. ലെയൊനാര്‍ഡിയുടെ സഭ ഇറ്റലിയില്‍ വളരെ നന്മ ചെയ്തു. 1595-ല്‍ ക്ലെമെന്റ് മാര്‍പ്പാപ്പാ അദ്ദേഹത്തിന്റെ സഭയ്ക്ക് അംഗീകാരം നല്കി. പ്ലേഗുബാധിതരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോള്‍, 68-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി. 1938-ല്‍ 11-ാം പീയൂസു മാര്‍പ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *