Uncategorized

ഒക്ടോബര്‍ 10: വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ


വലെന്‍സിയായില്‍ ഗാന്റിയാ എന്ന നഗരത്തില്‍ ഫ്രാന്‍സിസ് ജനിച്ചു. അവന്റെ അമ്മ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭക്തയായിരുന്നു. അവള്‍ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ കുട്ടി ആണാണെങ്കില്‍ ഫ്രാന്‍സിസ് എന്നു പേരിടാമെന്നു നിശ്ചയിച്ചതാണ്. ആദ്യം ഫ്രാന്‍സിസ് ഉച്ചരിക്കാന്‍ പഠിച്ച വാക്കുകള്‍ ഈശോയും മറിയവുമാണ്. 12 വയസ്സുമുതല്‍ ആരഗോണ്‍ ആര്‍ച്ചുബിഷപ് ജോണിന്റെകൂടെ താമസിച്ചു സാഹിത്യവും തത്വശാസ്ത്രവും പഠിച്ചു. ചക്രവര്‍ത്തിനിയുടെ നിര്‍ദ്ദേശപ്രകാരം എലീനര്‍ ദെകാസ്‌ട്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം കഴിച്ചു. എട്ടു മക്കളുണ്ടായി. അക്കാലത്ത് അദ്ദേഹം എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുര്‍ബാന കൈക്കൊണ്ടിരുന്നു.

രാജകൊട്ടാരത്തില്‍ താമസിക്കുമ്പോഴും ഫ്രാന്‍സിസിന്റെ ജീവിതം എത്രയും നിര്‍മ്മലമായിരുന്നെങ്കിലും ലോകത്തിനു ഫ്രാന്‍സിസ്സിന്റെ ഹൃദയത്തില്‍ കുറെയേറെ സ്ഥാനമുണ്ടായിരുന്നു. 1539 മേയ് ഒന്നിന് ഇസബെല്‍ ചക്രവര്‍ത്തിനി മരിച്ചു. ചക്രവര്‍ത്തിനിയുടെ ശരീരം തിരിച്ചറിഞ്ഞു ഗ്രാനഡായിലെ രാജകീയ ശ്മശാനത്തിലേക്ക് അകമ്പടി പോകുന്ന ചുമതല ഫ്രാന്‍സിസ്സിനായിരുന്നു. ശരീരം തിരിച്ചറിയുന്നതിനുവേണ്ടി ശവമഞ്ചം തുറന്നു. സൗന്ദര്യധാമമായിരുന്ന ഇസബെല്‍ ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിയ മാറ്റം കണ്ടു ഫ്രാന്‍സിസ് പറഞ്ഞു: ‘ഉജ്ജ്വലമായിരുന്ന ആ നേത്രങ്ങള്‍ക്ക് എന്തു പറ്റി? സുന്ദരമായിരുന്ന ആ മുഖത്തിന്റെ പ്രൗഢിയും സൗന്ദര്യവും എവിടെ പോയി? അങ്ങുതന്നെയാണോ ഞങ്ങളുടെ ചക്രവര്‍ത്തിനി ഡോണാ ഇസബെല്‍?’

അവിടെവച്ചുതന്നെ ലൗകികാര്‍ഭാടങ്ങളോടു വെറുപ്പു തോന്നി. ഫാ. ജോണ്‍ ഓഫ് അവീലായുടെ ചരമപ്രസംഗവുംകൂടി കേട്ടപ്പോള്‍ തീരുമാനം ഒന്നു കൂടി ഭേദമായി. ആ പരിശുദ്ധ വൈദികനോട് ആലോചിച്ചു കൊണ്ടു താന്‍ ഭാര്യയെ അതിജീവിക്കുകയാണെങ്കില്‍ ഈശോ സഭയില്‍ ചേരുന്നതാണെന്ന് അദ്ദേഹം നിശ്ചയിച്ചു.

1546 മാര്‍ച്ച് 27-ന് ഭാര്യ മരിച്ചു. ഫ്രാന്‍സിസ് 36-ാം വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1548-ല്‍ വ്രതവാഗ്ദാനം ചെയ്തു. 1551-ല്‍ പുരോഹിതനായി. സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ചാണു സഭയില്‍ ചേര്‍ന്നതെങ്കിലും 1565-ല്‍ അദ്ദേഹം സഭയുടെ സുപ്പീരിയര്‍ ജനറലായി. തുര്‍ക്കികള്‍ക്കെ തിരായി ക്രിസ്തീയരാജാക്കന്മാരെ യോജിപ്പിക്കാന്‍ വിശുദ്ധ അഞ്ചാം പീയൂസു മാര്‍പാപ്പ ഫ്രാന്‍സിസ് ബോര്‍ജിയായോടാവശ്യപ്പെട്ടു. വിശുദ്ധന്‍ അനുസരിച്ചു.

എന്നാല്‍ യാത്രകളും ആലോചനകളും അദ്ദേഹത്തെ അത്യധികം ക്ഷീണിപ്പിച്ചു. റോമയില്‍ മടങ്ങിയെത്തി താമസിയാതെ 1572 ഒക്ടോബര്‍ 10-ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹം സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട് എന്നീ പ്രദേശങ്ങളിലായി 31 പുതിയ കോളജുകള്‍ സ്ഥാപിച്ചു. ഫ്‌ളോറിഡാ, മെക്‌സിക്കോ, പെറു, ക്രീറ്റ് മുതലായ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *