ഒക്ടോബര്‍ 27: വിശുദ്ധ ഫ്രൂമെന്‍സിയൂസ്
ടയറിലെ മെറോപ്പിയൂസിന്റെ സഹോദര പുത്രന്മാരാണു ഫ്രൂമെന്‍സിയൂസും എദേസിയൂസും. അദ്ദേഹം ഈ രണ്ടു കുട്ടികളേയും കൂട്ടി വജ്രവും മറ്റു രത്‌നങ്ങളും ശേഖരിക്കാന്‍ ചെങ്കടലിലൂടെ എത്തിയോപ്യായിലേക്ക് യാത്ര ചെയ്തു. യാത്രാമധ്യേ ഭക്ഷണം ശേഖരിക്കാന്‍വേണ്ടി ഒരു തുറമുഖത്തു കപ്പല്‍ നിര്‍ത്തി. റോമാക്കാരോടു പടവെട്ടിക്കൊണ്ടിരുന്ന കാട്ടാളന്മാര്‍ ആ രണ്ടു കുട്ടികളെ ഒഴിച്ചു ബാക്കി നാവികരേയും യാത്രക്കാരേയും വധിച്ചു. കുട്ടികള്‍ ഒരു മരത്തിന്റെ കീഴിലിരുന്നു പാഠങ്ങള്‍ പഠിക്കുകയായിരുന്നു. അവരുടെ അഴകും പ്രായവും നിഷ്‌കളങ്കതയും പരിഗണിച്ചു കാട്ടാളന്മാര്‍ അവരെ വധിച്ചില്ല. അവരെ ആസുമായില്‍ വസിക്കുന്ന രാജാവിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു പോയി. രാജാവിനു കുട്ടികളുടെ ചൊടിയും സാമര്‍ത്ഥ്യവും ഇഷ്ടപ്പെട്ടു. ഇളയവനെ മേശയില്‍ വിളമ്പാന്‍ നിയമിച്ചു. ഫ്രൂമെന്‍സിയൂസിനെ സ്റ്റേറ്റ് സെക്രട്ടറിയും ഖജാന്‍ജിയുമാക്കി.
ഈ രണ്ടു സഹോദരന്മാര്‍ രാജാവിന്റെകൂടെ സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചു. രാജാവു മരിക്കാറായപ്പോള്‍ അവര്‍ക്കു സ്വാതന്ത്യം നല്കി. രാജ്ഞി അവരുടെ സേവനം തുടര്‍ന്നു ആവശ്യപ്പെടുകയും അവര്‍ വിശ്വസ്തതയോടെ രാജ്ഞിയെ സേവിക്കുകയും ചെയ്തു. അതേസമയം ക്രിസ്തുമത പ്രചരണത്തിനും അവര്‍ക്കു ധാരാളം സമയം കണ്ടെത്താന്‍ കഴിഞ്ഞു.
രാജകുമാരന്‍ പ്രായമായപ്പോള്‍ അവരുടെ സേവനം തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും എദേസിയൂസു ടയറി ലേക്കു മടങ്ങി ഒരു വൈദികനായി. ഫ്രൂമെന്‍സിയൂസ് അലെക്‌സാന്‍ഡ്രിയായിലേക്കു പോയി, മാര്‍ അത്തനേഷ്യസ്സിനെ കണ്ട് എത്തിയോപ്യായുടെ മാനസാന്തരത്തിനായി ഒരു ബിഷപ്പിനേയും കുറെ പുരോഹിതരേയും അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അത്തനേഷ്യസ് ഫ്രൂമെന്‍സിയൂസിനെ മെത്രാനായി അഭിഷേചിച്ച് എത്തിയോപ്യായില്‍ ആരംഭിച്ച ജോലി പൂര്‍ത്തിയാക്കാന്‍ ആ വശ്യപ്പെട്ടു. അദ്ദേഹം അസുമയിലേക്ക് മടങ്ങി. അനേകരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചു.
അസുമയുടെ പ്രേഷിതനായി ഫ്രൂമെന്‍ സിയൂസിനെ അബിസ്സീനിയാക്കാര്‍ വന്ദിക്കുന്നു. അവര്‍ അദ്ദേഹത്തെ അബുനാസ് (പിതാവ്) അഥവാ അബ്ബാസലാമാ (സമാധാന പിതാവ്) എന്നാണു വിളിച്ചിരുന്നത്. അബിസീനിയന്‍ മെത്രാപ്പോലീത്താമാര്‍ ഇന്നും ഇങ്ങനെയാണ് സംബോധന ചെയ്യ പ്പെടുന്നത്.
72-ാമത്തേ വയസ്സില്‍ ഫ്രൂമെന്‍സിയൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.