നവംബര്‍ 13: വിശുദ്ധ സ്റ്റാനിസ്ലാസ് കോസ്ത്കാ
പോളണ്ടിലെ കുലീനനും പ്രശസ്തനുമായ ഒരു സെനറ്ററുടെ മകനാണു സ്റ്റാനിസ്ലാസ്. അവനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ അമ്മയുടെ വയറില്‍ ഈശോ എന്ന തിരുനാമം പ്രകാശലിഖിതമായി കാണപ്പെട്ടു. അവന്‍ ഈശോസഭയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അമ്മയ്ക്കു തോന്നി.
14-ാമത്തെ വയസില്‍ സ്റ്റാനിസ്ലാസും സഹോദരന്‍ പോളും ഒരു ട്യൂട്ടറു മൊരുമിച്ച് വീയെന്നായില്‍ പഠിക്കാന്‍ പോയി. അവിടെ അവര്‍ താമസിച്ചിരുന്നത് ഒരു ലൂഥറന്‍ ഭവനത്തിലായിരുന്നു. വിനോദങ്ങളില്‍ പങ്കുചേരാതിരുന്നതിനാല്‍ സ്റ്റാനിസ്ലാസിനെ പലപ്പോഴും പോള്‍ ഞെരുക്കിയിരുന്നു.
മാനസിക ക്ലേശത്താല്‍ സ്റ്റാനിസ്ലാസ് മരിക്കത്തക്ക നിലയിലെത്തി. ആ ലൂഥറന്‍ ഭവനത്തില്‍ യുവാവിന് അന്ത്യകൂദാശകള്‍ നിഷേധിക്കപ്പെട്ടു. വിശുദ്ധ ബാര്‍ബരാ അവനു വിശുദ്ധ കുര്‍ബാന നല്കി. ദൈവമാതാവു പ്രത്യക്ഷപ്പെട്ട് അവനോട് ഈശോസഭയില്‍ ചേരാന്‍ പറഞ്ഞ് അവനെ പൂര്‍ണ്ണമായി സുഖപ്പെടുത്തി.
പിതാവിന് ഈശോസഭക്കാരോടുള്ള എതിര്‍പ്പുനിമിത്തം സ്റ്റാനിസ്ലാസ് അവന്‍ ഒരു ദിവസം ഭിക്ഷു വേഷം ധരിച്ചു വീട്ടില്‍നിന്നു പുറപ്പെട്ടു. 720 കിലോമീറ്റര്‍ നടന്ന് ഓക്‌സ്ബര്‍ഗ്ഗില്‍ വിശുദ്ധ പീറ്റര്‍ കനീഷ്യസ്സിന്റെ അടുക്കലെത്തി. അവിടെനിന്നു 1280 കിലോമീറ്റര്‍ നടന്ന് റോമയിലെത്തി. അന്നത്തെ ജനറല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയാ അവനെ ഈശോസഭയില്‍ ചേര്‍ത്തു.
പ്രസന്നമായ വിശുദ്ധിയും വാനവസദൃശമായ നൈര്‍മ്മല്യവും അവനെ എല്ലാവരുടേയും പ്രിയപാത്രമാക്കി. ആരോഗ്യം അത്ര മെച്ചമായിരുന്നില്ലെങ്കിലും പ്രായശ്ചിത്ത പ്രവൃത്തികളില്‍ അവന്‍ മുന്‍പന്തിയില്‍ നിന്നു. അവന്റെ മധ്യസ്ഥന്‍ വിശുദ്ധ ലോറന്‍സായിരുന്നു. സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിവസം മരിക്കാനുള്ള ഭാഗ്യം വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹത്തോടു സ്റ്റാനിസ്ലാസ് പ്രാര്‍ത്ഥിച്ചു. ആഗസ്‌ററ് 12-ന് സ്റ്റാനിസ്ലാസിന് ഒരു പനി പിടിപെട്ടു. റെക്ടറച്ചന്‍ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ ആഘോഷപൂര്‍വ്വകമായ ദിവ്യബലി ആരംഭിച്ചപ്പോള്‍ സ്റ്റാനിസ്ലാസിന്റെ ആത്മാവു സ്വര്‍ഗ്ഗാരോപിതമായി.