നവംബര്‍ 14: ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് മെത്രാപ്പോലീത്താ
ഡബ്ലിനടുത്തുള്ള ഒരു രാജകുടുംബത്തിലാണ് ലോറന്‍സ് ഒരടൂള്‍ ജനിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ ലോറന്‍സ് ജാമ്യത്തടവുകാരനായി ലിന്‍സ്‌റ്റെറിലെ രാജാവിന് നല്‍കപ്പെട്ടു. കുട്ടിയോട് രാജാവ് നിര്‍ദ്ദയനായി പെരുമാറിയതിനാല്‍ അവനെ ഗ്ലൈന്‍ലോക്കിലെ മെത്രാന് ഏല്പിക്കുവാനിടയായി. അവിടെ അവന്‍ ദൈവകാര്യങ്ങള്‍ ശരിയായി പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ കുട്ടി പിതാവിന്റെ പക്കലേക്കു മടങ്ങി.
തന്റെ നാലു മക്കളിലൊരാള്‍ തിരുസഭാസേവനത്തിന് പോകണമെന്ന് പിതാവിനു നിര്‍ബന്ധമുണ്ടായിരുന്നു. ആരു പോകണമെന്ന് നറുക്കിട്ട് തീരുമാനിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്റെ ആഗ്രഹം സഭാസേവനത്തിന് പോകണമെന്നാണെന്ന് ലോറന്‍സ് പറഞ്ഞു. ലോറന്‍സിനെ വീണ്ടും മെത്രാനച്ചന്റെ ശിക്ഷണ ത്തില്‍ താമസിപ്പിച്ചു. ലോറന്‍സ് ഒരാശ്രമത്തിലാണ് താമസി ച്ചിരുന്നത്. ഗ്ലൈന്‍ലോക്കിലെ മെത്രാന്‍ മരിച്ചപ്പോള്‍ ലോറന്‍സ് ആശ്രമാധിപനായി നിയമിതനായി. അന്ന് 25 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആശ്രമാധിപന്‍ എന്ന നിലയില്‍ വളരെ വിവേകപൂര്‍വ്വം കാര്യങ്ങള്‍ നടത്തി. പൂര്‍വ്വ യൗസേപ്പിനെപ്പോലെ അന്നുണ്ടായ പഞ്ഞത്തില്‍ ലോറന്‍സ് ജനങ്ങളെ സംരക്ഷിച്ചു. അദ്ദേഹത്തിന്റെ വിജയം കണ്ട് അസൂയാ കലുഷിതരായവര്‍ പല ഏഷണികള്‍ പറഞ്ഞുപരത്തിയെങ്കിലും ലോറന്‍സ് മൗനം ഭജിച്ചതേയുള്ളൂ.
1162-ല്‍ ലോറന്‍സ് ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. ആര്‍ച്ചുബിഷപ്പായതിനുശേഷവും സന്യാസവസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്; സന്യാസികളോടുകൂടെയാണ് ഭക്ഷിച്ചിരുന്നത്. രാത്രി അവരുടെകൂടെ പ്രാര്‍ത്ഥിച്ച ശേഷം തനിച്ച് ദേവാലയത്തില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥിക്കും. മാംസം ഭക്ഷിച്ചിരുന്നില്ല. എല്ലാ വെള്ളിയാഴ്ചകളിലും ഉപവസിച്ചിരുന്നു. പലപ്പോഴും ചമ്മട്ടി അടിക്കുമായിരുന്നു. മുപ്പതു ദരിദ്രരെ ദിനംപ്രതി സ്വന്തം മേശയിലിരുത്തി ഭക്ഷണം നല്കിയിരുന്നുവെന്ന് പറയുമ്പോള്‍ എത്ര അഗാധമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ദീനാനുകമ്പ!
ആര്‍ച്ചുബിഷപ് ലോറന്‍സ് കാന്റര്‍ബറി കത്തീഡ്രലില്‍ ഒരു ദിവസം കുര്‍ബാന ചൊല്ലാന്‍ ചെന്നപ്പോള്‍ ഒരു ഭ്രാന്തന്‍ അദ്ദേഹത്തിന്റെ തലയില്‍ വടികൊണ്ട് ഒന്നടിച്ചു. വിശുദ്ധനായ ആര്‍ച്ചുബിഷപ്പിനെ രക്തതസാക്ഷിയാക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു അയാളുടെ സമാധാനം. ആര്‍ച്ചുബിഷപ് സ്വല്പം വെള്ളം വെഞ്ചരിച്ചു ശിരസ്സു കഴുകിയ പ്പോള്‍ രക്തം നിലച്ചു; അപ്പോള്‍ത്തന്നെ കുര്‍ബാന ചൊല്ലാറായി.
ആ ഭ്രാന്തനെ ഇംഗ്ലീഷ് രാജാവ് തൂക്കിക്കൊല്ലാന്‍ വിധിച്ചെങ്കിലും ആര്‍ച്ചുബിഷപ് ഇടപെട്ട് അവന് മാപ്പു നല്കി. 1179-ലെ ലാറ്ററന്‍ പൊതുസൂനഹദോസില്‍ ആര്‍ച്ചു ബിഷപ് പങ്കെടുത്തു. അലെക്‌സാന്‍ഡര്‍ മാര്‍പ്പാപ്പാ തൃതീയന്‍ അദ്ദേഹത്തെ അയര്‍ലന്‍ഡിലെ പേപ്പല്‍ ലെഗെയിറ്ററായി നിയമിച്ചു. അയര്‍ലന്‍ഡിലെ രാജാവും ഇംഗ്ലണ്ടിലെ ഹെന്‍ഡ്രി രണ്ടാമനും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ അദ്ദേഹം നോര്‍മന്റിയില്‍ പോയി സമാധാനത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു. അവിടെവച്ച് അദ്ദേഹത്തിന് പനിപിടിപെടുകയും 1180 നവംബര്‍ 14-ന് ഈലോകവാസം വെടിയുകയും ചെയ്തു.