വിലങ്ങാട്-വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം: പ്രമേയം
താമരശ്ശേരി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനത്തില്‍ വിലങ്ങാട്-വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബീന ജോസ് അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം.
വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഈ വര്‍ഷം ഉണ്ടായ അതിദാരുണമായ ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തത്തിലും സമാനതകളില്ലാത്ത നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് സംഭവിച്ചത്. നാനൂറിലേറെ വിലപ്പെട്ട ജീവനുകളാണ് മലവെള്ളപ്പാച്ചിലില്‍ നഷ്ടമായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിക്കുന്നതാണ്. നൂറുകണക്കിന് ആളുകള്‍ വീടു നഷ്ടപ്പെട്ട് ഭവനരഹിതരാകുകയും അതിലേറെപ്പേര്‍ കൃഷിഭൂമി നഷ്ടപ്പെട്ട് വലിയ കെടുതിയിലാകുകയും ചെയ്തു. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ ഒട്ടനവധിയാണ്. ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും താമരശ്ശേരി രൂപതയും പാസ്റ്ററല്‍ കൗണ്‍സിലും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുമെന്ന് ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ദുരന്തമുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല എന്ന വസ്തുത അത്യന്തം ഖേദകരമാണ്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരിതത്തിലകപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണം അടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ധനസഹായ വിതരണവും അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണവും ഉടനടി ആരംഭിക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി ആവശ്യപ്പെടുന്നു.