നവംബര്‍ 15: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്
പ്രസിദ്ധനായ വിശുദ്ധ തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാലീനര്‍തന്നെ മഹാന്‍ എന്നു സംബോധനം ചെയ്തിട്ടുള്ള ആല്‍ബെര്‍ട്ട്. അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം പുതുതായി ആരംഭിച്ച ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നത്. ആരംഭകാലത്തു ആല്‍ബെര്‍ട്ട് പഠനത്തില്‍ പിന്നോക്കമായിരുന്നു. എന്നാല്‍ ഭക്തനായ യുവാവ് ദൈവമാതാവിന് തന്നെത്തന്നെ സമര്‍പ്പിച്ചു പഠനം തുടര്‍ന്നു. ആ ദിവ്യാംബികയുടെ സഹായത്താല്‍ പഠനത്തില്‍ ആല്‍ബെര്‍ട്ട് വമ്പിച്ച വിജയം വരിച്ചു. സാര്‍വ്വത്രിക വിജ്ഞാന ഡോക്ടരായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഫ്രീബുര്‍ഗു, റാറ്റിസ്ബണ്‍, പാരിസു, കൊളോണ്‍ എന്നീ സ്ഥലങ്ങളില്‍ ആല്‍ബെര്‍ട്ട് അധ്യാപനം നടത്തി. പ്രകൃതിശാസ്ത്രത്തിലെ തന്റെ കണ്ടുപിടിത്തങ്ങള്‍ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാന്‍ അദ്ദേഹം ഒരു പരിശ്രമംചെയ്തു. അദ്ദേഹത്തിന്റെ വിജ്ഞാനസംക്ഷേപം എന്ന ഗ്രന്ഥത്തില്‍ പ്രകൃതിശാസ്ത്രം, തര്‍ക്കം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, വൈശേഷികം എന്നീ വിഷയങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 20 വര്‍ഷം കൊണ്ടാണ് അതെഴുതി തീര്‍ത്തത്. ഗ്രീക്കു തത്വശാസ്ത്രവും ദൈവശാസ്ത്രവും യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ആരംഭമിട്ടു. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ യുക്തി എങ്ങനെ പ്രയോഗിക്കാ മെന്ന് അദ്ദേഹം വിശദമാക്കി . അദ്ദേഹത്തിന്റെ ശിഷ്യന്‍ വിശുദ്ധ തോമസ് അക്വിനസ്സ് ആ പഠനം ഏറെക്കുറെ പൂര്‍ത്തിയാക്കി. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ആല്‍ബെര്‍ട്ടിനുണ്ടായിരുന്ന ഭക്തി അന്യാദൃശമായിരുന്നു. വിനീതനായ ആല്‍ബര്‍ട്ടിനെ ദൈവം ഡൊമിനിക്കന്‍ പ്രൊവിന്‍ഷലും 1260-ല്‍ റാറ്റിസുബണിലെ മെത്രാനുമായി ഉയര്‍ത്തി. 1274-ലെ ലിയോണ്‍സിലെ സൂനഹദോസില്‍ ദൈവശാസ് ത്രജ്ഞനെന്ന നിലയില്‍ പങ്കെടുത്തു. സൂനഹദോസിന് പോരുന്ന വഴിക്ക്
തന്റെ പ്രിയ ശിഷ്യന്‍ തോമസ് അക്വിനസ്സ് മരിച്ചുവെന്ന് കേട്ടിട്ട്, അല്‍ബെര്‍ട്ട് 71-ാമത്തെ വയസ്സില്‍ പാരീസിലേക്കു മടങ്ങി അക്വിനസ്സിന്റെ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്കി.
ആല്‍ബെര്‍ട്ട് വിനീതനായ ഒരു ഡൊമിനിക്കനായി എന്നും ജീവിച്ചു. കാല്‍നടയായിട്ടാണ് യാത്രകളെല്ലാം ചെയ്തത്. ശിശുസഹജ വിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹത്തില്‍ സുതരാം വിരാജിച്ചു. 74-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു.