Daily Saints

നവംബര്‍ 16: സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി


1057-ല്‍ സ്‌കോട്ട്‌ലന്റിലെ രാജാവായ മാല്‍ക്കോം വിവാഹം കഴിച്ചത് ഇംഗ്‌ളീഷ് രാജാവായ വിശുദ്ധ എഡ്വേര്‍ഡിന്റെ സഹോദരപുത്രി മാര്‍ഗരറ്റിനെയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ് വളര്‍ന്നതെങ്കിലും മാര്‍ഗരറ്റ് ലൗകികസന്തോഷങ്ങളെ വിഷമായിട്ടാണ് കണക്കാക്കിയിരുന്നത്.

മാല്‍ക്കോം പരുപരുത്ത ഒരു മനുഷ്യനായിരുന്നെങ്കിലും രാജ്ഞിയുടെ സംപ്രീതമായ പെരുമാറ്റംകൊണ്ട് അദ്ദേഹം ശ്രദ്ധപതിക്കാനും ഭരണകാര്യങ്ങളില്‍ രാജ്ഞിയുടെ ഉപദേശം തേടാനും കൂടി തയ്യാറായി. എല്ലാ പ്രവൃത്തികളിലും രാജ്ഞി ഭര്‍ത്താവിനെ സഹായിച്ചിരുന്നെങ്കിലും പ്രാര്‍ത്ഥനയ്‌ക്കോ ദൈവസാന്നിധ്യ സ്മരണയ്‌ക്കോ കുറവു വരുത്തിയില്ല. എട്ടു മക്കളുണ്ടായി. അവരെ ദൈവഭക്തിയില്‍ വളര്‍ത്താന്‍ മാര്‍ഗരറ്റ് ഒട്ടും അശ്രദ്ധ പ്രദര്‍ശിപ്പിച്ചിട്ടില്ല.

രാജ്യം മുഴുവനും തന്റെ കുടുംബമായിട്ടാണ് രാജ്ഞി കരുതിയിരുന്നത്. ഞായറാഴ്ചകളും നോമ്പു ദിവസങ്ങളും ആചരിക്കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. നോമ്പുകാലത്തും ആഗമനകാലത്തും ദിവസന്തോറും 300 ദരിദ്രരെ വിളിച്ചു രാജാവും രാജ്ഞിയും ഭക്ഷണം വിളമ്പി കൊടുത്തിരുന്നു. വിദേശീയര്‍ക്കുവേണ്ടിക്കൂടി രാജ്ഞി ആശുപത്രികള്‍ സ്ഥാപിച്ചു. നോമ്പിലും ആഗമനകാലത്തും പാതിരാത്രിയില്‍ എഴുന്നേറ്റു പ്രാര്‍ത്ഥിച്ചിരുന്നു. രാവിലെ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ ആറു ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്കു ധര്‍മ്മം കൊടുത്താണ് അയച്ചിരുന്നത്. സ്വന്തം ആഹാരം എത്രയും തുച്ഛമായിരുന്നു.

മാല്‍ക്കോം സമാധാനപ്രിയനായിരുന്നെങ്കിലും സമര്‍ത്ഥനായ ഒരു പോരാളിയായിരുന്നു. ഒരു ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തിനു കീഴടങ്ങി ആന്‍വിക്കു മാളികയുടെ താക്കോല്‍ രാജാവിനു സമര്‍പ്പിക്കുന്ന സമയത്തു അപ്രതീക്ഷിതമായി ഇംഗ്ലീഷ് പടയാളികള്‍ അദ്ദേഹത്തെ കുത്തിക്കൊന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ മകന്‍ എഡ്ഗാറും മരിച്ചു. ദൈവ തിരുമനസ്സിനു കീഴ്‌പ്പെട്ടുകൊണ്ടു രോഗിയായിരുന്ന രാജ്ഞി എല്ലാം സഹിച്ചു. തിരുപാഥേയം സ്വീകരിച്ചശേഷം രാജ്ഞി പ്രാര്‍തഥിച്ചു: ‘കര്‍ത്താവായ ഈശോ അങ്ങു മരിച്ചുകൊണ്ടു ലോകത്തെ രക്ഷിച്ചുവല്ലോ എന്നെ രക്ഷിക്കണമേ.’ ഇതുതന്നെ ആയിരുന്നു രാജ്ഞിയുടെ അന്തിമ വചസ്സുകള്‍.


Leave a Reply

Your email address will not be published. Required fields are marked *