നവംബര്‍ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ
877ലെ ക്രിസ്മസ്സിന്റെ തലേനാള്‍ അക്വിറെറയിലെ ഒരു പ്രഭു തനിക്ക് ഒരാണ്‍കുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്കി. കൃതജ്ഞതാനിര്‍ഭരനായ പിതാവു കുഞ്ഞിനെ വിശുദ്ധ മാര്‍ട്ടിനു കാഴ്ചവച്ചു. ഓഡോ വിജ്ഞാനത്തിലും സുകൃതത്തിലും വളര്‍ന്നുവന്നു. തന്റെ മകന്‍ ഒരു വലിയ ഉദ്യോഗസ്ഥനായിക്കാണാനാണു പിതാവ് ആഗ്രഹിച്ചത്; എന്നാല്‍ പ്രസാദവരം അവനെ ദൈവശുശ്രൂഷയ്ക്ക് ആകര്‍ഷിച്ചു. ഓഡോയുടെ ആരോഗ്യം അത്ര മെച്ചമായിരുന്നില്ല; അവന്റെ ഹൃദയം സന്തപ്തമായി. അവസാനം അവന്‍ ടൂഴ്‌സിലെ മാര്‍ട്ടിനെത്തന്നെ ശരണം ഗമിച്ചു.
സുഖക്കേടു ശമിച്ചപ്പോള്‍ ഓഡോ ബോമിലുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ക്ലൂണിയില്‍ അന്ന് ഒരാശ്രമം പണിയുന്നുണ്ടായിരുന്നു. ഓഡോ അതിന്റെ ആബട്ടായി നിയ മിക്കപ്പെട്ടു. വിവേകപൂര്‍വ്വം തന്റെ ജോലികള്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ഒരു വിശുദ്ധന്റെ മാധുര്യം അദ്ദേഹത്തിന്റെ വ്യാപാരത്തില്‍ പ്രകടമായിരുന്നു.
നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരിശുദ്ധ പിതാവ് അദ്ദേഹത്തെ പലപ്പോഴും നിയോഗിക്കുകയു ണ്ടായിട്ടുണ്ട്. ഈദൃശമായ ഒരു കാര്യത്തിന് അദ്ദേഹം റോമയിലേക്കു പോയപ്പോള്‍ അദ്ദേഹത്തിനു രോഗം ബാധിച്ചു. അദ്ദേഹ ത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹത്തെ ടൂഴ്‌സിലേക്കു കൊണ്ടുപോയി. അവിടെ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ പാദാന്തികത്തില്‍ കിടന്നു മരിച്ചു.
