നവംബര്‍ 26: പോര്‍ട്ടുമോറിസിലെ വിശുദ്ധ ലെയൊനാര്‍ദ്
ജെനോവാ ഉള്‍ക്കടലിനു സമീപം പോര്‍ട്ടുമോറിസ് എന്ന സ്ഥലത്തു ലെയൊനാര്‍ഡു ഭൂജാതനായി. റോമയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം ഫ്രന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു വൈദികപദം സ്വീകരിച്ചു. കുടലിലെ കുരുക്കള്‍ നിമിത്തം നാലുകൊല്ലം ശയ്യാവലംബിയായി കഴിഞ്ഞു: തന്റെ ജീവിതാവശിഷ്ടം പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രയത്‌നിക്കാമെന്നു നേര്‍ന്നപ്പോള്‍ ലെയൊനാര്‍ദ് സൗഖ്യം പ്രാപിച്ചു. 44 വര്‍ഷം മധ്യ ഇറ്റലിയിലും ദക്ഷിണ ഇറ്റലിയിലും ധ്യാനപ്രസംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. വഴിക്കവലയില്‍നിന്ന് ആയിരക്കണക്കിനു ജനങ്ങളോട് അദ്ദേഹം പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തേക്കു നീണ്ടുനിന്ന ശണ്ഠകളും വഴക്കുകളും അവസാനിപ്പിക്കാനും കഠിന പാപികളെ മനസ്സുതിരിക്കാനും ജനങ്ങളുടെ ഇടയില്‍ ദൈവസ്‌നേഹം പുനര്‍ജ്വലിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഫാദര്‍ ലെയോനാര്‍ദ് റോമന്‍ കൊളീസിയം ഉള്‍പ്പെടെ 571 സ്ഥലത്തു കുരിശിന്റെ വഴി സ്ഥാപിച്ചു. ഈശോയുടെ തിരുഹൃദയത്തോടും കന്യകാ മറിയത്തിന്റെ വിമലഹൃദയത്തോടും വിശുദ്ധ കുര്‍ബാനയോടുമുള്ള ഭക്തി അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ഒരിക്കല്‍ റോമയില്‍ പിയാസാനവേണയില്‍വച്ചു രണ്ടാഴ്ചത്തെ ധ്യാനപ്രസംഗം ലെയൊനാര്‍ദ് നടത്തുകയുണ്ടായി. തദവസരത്തില്‍ മാര്‍പ്പാപ്പായും കര്‍ദ്ദിനാളന്മാരും കൂടി സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക കൃതികള്‍ 13 വാല്യമായി പ്രസിദ്ധം ചെയ്തിട്ടുണ്ട്.
1744-ല്‍ കോഴ്‌സിക്കായില്‍ സമാധാന പുനരുദ്ധാരണത്തിനു നിയുക്തനായി; ഏഴു വര്‍ഷത്തിനുശേഷം പതിന്നാലാം ബെനദിക്കോസു മാര്‍പ്പാപ്പാ അദ്ദേഹത്തെ റോമയിലേക്കു തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ പൂര്‍വ്വ വാസസ്ഥലമായ വിശുദ്ധ ബൊനവന്തൂരായുടെ ആശ്രമത്തിലെത്തിയതിന്റെ പിറ്റേ രാത്രി ഫാദര്‍ ലെയൊനാര്‍ദ് നിര്യാതനായി. 1867-ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്യപ്പെട്ടു.