Wednesday, January 22, 2025
Vatican News

മതവിശ്വാസികള്‍ പരസ്പരാദരവിന്റെ സംസ്‌കൃതി പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ


ഭിന്നമതപാരമ്പര്യങ്ങളുടെ അനുയായികളായ നാം, ആദരവ്, ഔന്നത്യം, സഹാനുഭൂതി, അനുരഞ്ജനം, സഹോദര്യ ഐക്യദാര്‍ഢ്യം എന്നിവയുടെതായ സംസ്‌കാരം ഊട്ടിവളര്‍ത്തുന്നത്തില്‍ സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. നിര്‍ഭാഗ്യവശാല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തിവാദത്തിന്റെയും ഒഴിവാക്കലിന്റെയും നിസ്സംഗതയുടെയും അക്രമത്തിന്റെയും സംസ്‌കാരത്തെ കീഴടക്കുന്നതിന് സംഭാവന ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

ശ്രീ നാരായണഗുരു സംഘടിപ്പിച്ച ‘സര്‍വ്വമതസമ്മേളന’ത്തിന്റെ ഒന്നാം ശതാബ്ദിയനുസ്മരണത്തിന്റെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ ധര്‍മ്മസംഘം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ വത്തിക്കാനിലെ ക്ലെമന്റയിന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

1856-ല്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണഗുരു ജാതി വേര്‍തിരിവ് മാറ്റുവാനായി അക്ഷീണം പ്രയത്‌നിച്ച മഹത് വ്യക്തിയാണ്. അദ്ദേഹം മാനവികതയുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവും പാടില്ല എന്നുള്ള ബോധ്യമാണ് അദ്ദേഹം നല്‍കിയത്. എല്ലാ മതങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും വിശ്വമാനവികതയ്ക്ക് വേണ്ടി നില്‍ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

ഏകദൈവത്തിന്റെ മക്കളെന്ന നിലയില്‍ നാം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും, സാഹോദര്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും അരൂപിയില്‍, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്പരം പരിപാലിക്കുകയും, അതുപോലെ നമ്മുടെ പൊതുഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, കിഡ്‌നി ഫെഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷന്‍ ഫാ. ഡേവീസ് ചിറമ്മേല്‍, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *