Wednesday, January 22, 2025
Achievement

സിയാച്ചിനില്‍ ആദ്യ നേവി ഹെലികോപ്റ്റര്‍ ഇറക്കി പുല്ലൂരാംപാറയുടെ പ്രണോയ് റോയ്


സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി ചരിത്ര നേട്ടത്തിന്റെ നെറുകയിലാണ് താമരശ്ശേരി രൂപതാംഗവും പുല്ലൂരാംപാറ സ്വദേശിയുമായ ലഫ്റ്റനന്റ് കമാന്‍ഡര്‍ പ്രണോയ് റോയ്. ഒരു വര്‍ഷം നീണ്ട കഠിനമായ പരിശീലനത്തിനൊടുവിലാണ് പ്രണോയിയുടെ ഈ നേട്ടം.

ആര്‍മിയുടെയും എയര്‍ഫോഴ്സിന്റെയും വിമാനങ്ങള്‍ സിയാച്ചിന്‍ മഞ്ഞുമലകളില്‍ ഹെലി കോപ്റ്റര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതേ നേട്ടം കൊയ്യുന്ന ആദ്യ നേവി പ്രതിനിധിയാണ് പ്രണോയ് റോയ്. ഇതോടെ പ്രണോയ് സിയാച്ചിന്‍ ക്യാപ്റ്റന്‍ പദവിക്കും അര്‍ഹനായി.

പുല്ലൂരാംപാറ കുബ്ലാട്ടുകുന്നേല്‍ റോയിയുടെയും അല്‍ഫോന്‍സയുടെയും മകനാണ് പ്രണോയ്. ഇന്ത്യന്‍ നേവി 614(1) ബ്രിഗേഡിലെ അംഗമായ അദ്ദേഹം സൈന്യത്തിന്റെ പുതിയ സംരംഭമായ നേവി, ആര്‍മി, എയര്‍ഫോഴ്സസ് ക്രോസ് അറ്റാച്ച്മെന്റില്‍ ജോയിന്‍ ചെയ്യുകയും പൈലറ്റ് ആയി സിയാച്ചിന്‍ മഞ്ഞുപാളിയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഹെലികോപ്റ്റര്‍ പറത്തുകയും ചെയ്തു.

സീ ഫ്ലൈയിങ്ങും ഗ്രേഷ്യര്‍ ഫ്ലൈയിങ്ങും വിജയകരമായി പൂര്‍ത്തീകരിച്ച പ്രണോയിക്ക് ആര്‍മി കോര്‍ കമാന്‍ഡറാണ് സിയാച്ചിന്‍ ക്യാപ്റ്റന്‍ ബാഡ്ജ് സമ്മാനിച്ചത്. ഇതോടെ സൈന്യത്തിന്റെ മഞ്ഞുപാളിയിലെ പ്രത്യേക ദൗത്യത്തിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പത്താം ക്ലാസ് വരെ മുക്കം സ്‌കൂളില്‍ പഠിച്ച പ്രണോയ് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലായിരുന്നു പ്ലസ്ടു പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വിശാഖപട്ടണത്ത് ബി.ടെക് പൂര്‍ത്തിയാക്കി 2019-ല്‍ നേവിയില്‍ ചേര്‍ന്നു.

അടിസ്ഥാന പരിശീലനത്തിനുശേഷം എയര്‍ഫോഴ്സില്‍ പൈലറ്റ് ആകാനുള്ളപരിശീലനം ലഭിച്ചു. പിന്നീട് ഹെലികോപ്റ്റര്‍ പൈലറ്റായി മുംബൈയില്‍ രണ്ടര വര്‍ഷം ജോലി ചെയ്തു. അതിനുശേഷമാണ് നേവി ക്രോസ് അറ്റാച്ചിമെന്റിനു വേണ്ടി ആര്‍മിയിലേക്ക് അയച്ചത്. ട്രൈ സര്‍വീസ് ഇന്റഗ്രേഷന്റെ ഭാഗമായാണ് അവിടെ പരിശീലനം ലഭിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍മിയുടെ ലേ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. പാക്കിസ്ഥാന്‍ ഭാഗത്തെ ഇന്ത്യന്‍ പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പട്ടാളക്കാര്‍ക്ക് അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷപ്പെടുത്താനും മറ്റു സഹായങ്ങളെത്തിക്കാനുമാണ് ഹെലികോപ്റ്റര്‍ സൗകര്യം ആവശ്യമായി വരുന്നത്. സഹോദരി അനഘ റോയി ആര്‍മിയിലെ നഴ്സിങ് ക്യാപ്റ്റന്‍ ആണ്.


Leave a Reply

Your email address will not be published. Required fields are marked *