കോഴിക്കോട് ഇനി അതിരൂപത, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആദ്യ ആര്‍ച്ച് ബിഷപ്പ്; ചടങ്ങുകള്‍ മേയ് 25ന്


മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മേയ് 25ന് നടക്കും. വൈകിട്ട് മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് പള്ളിയിലാണ് ചടങ്ങുകള്‍. ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ മോസ്റ്റ് റവ. ഡോ. ലിയോപോള്‍ഡോ ജിറല്ലി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വചന പ്രഘോഷണം നടത്തും.

സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ, തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി. എ. മുഹമ്മദ് റിയാസ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍മന്ത്രി എം. കെ. മുനീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്, ബിജെപി പ്രതിനിധി തുടങ്ങിയവര്‍ ആശംസകള്‍ നേരും.

വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തില്‍ ലത്തീന്‍ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവില്‍ വന്നത്.

മലബാറിന്റെ മണ്ണില്‍ കോഴിക്കോട് രൂപതയുടെ ചരിത്ര പ്രാധാന്യവും വിശ്വാസ പാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി മെത്രാന്‍മാരുടെയും സഭാ വിദഗ്ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പ കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തിയത്.

ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്‌സ് ഹൗസില്‍വച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് വായിച്ചത്.