മാലിന്യ സംസ്‌ക്കരണം ജീവിതശൈലിയാക്കണം: കയ്യടി നേടി താമരശ്ശേരി രൂപതയുടെ ചുവടുവയ്പ്പ്


റൂബി ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ച് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ബോധവല്‍ക്കണം നല്‍കി താമരശ്ശേരി രൂപത. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കുവാനുള്ള മാലിന്യ സംഭരണികള്‍ രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപിച്ചു.

അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ ചുവന്ന വേസ്റ്റ് ബാസ്‌കറ്റും ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പച്ച വേസ്റ്റ് ബാസ്‌കറ്റുമാണ് രൂപതയില്‍ നിന്ന് എല്ലാ പള്ളികളിലും എത്തിച്ചിരിക്കുന്നത്.

‘മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ആഘാതമില്ലാതെ സംസ്‌ക്കരിക്കുന്നത് ജീവിതശൈലിയാക്കണം. ജൈവ, അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ച് ശേഖരിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്നത് ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കണം. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സര്‍ക്കാറിന്റെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ലഘൂകരിക്കും.’ താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ജൈവമാലിന്യങ്ങള്‍ വലിച്ചെറിയാതെ സംസ്‌ക്കരിക്കാനുള്ള കമ്പോസ്റ്റ് പിറ്റുകള്‍ എല്ലാ വീടുകളിലും ക്രമീകരിക്കുന്നതിനും ബയോ ഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും പരിശ്രമിക്കണമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി മാസമായി ആചരിക്കുന്ന ജൂണില്‍ പരമാവധി മരങ്ങള്‍ നട്ടു വളര്‍ത്താനും താമരശ്ശേരി രൂപത പദ്ധതിയിടുന്നുണ്ട്. ജൂണ്‍ ഒന്നിന് എല്ലാ ദേവാലയങ്ങളിലും ജൂബിലി വൃഷം നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കും. റൂബി ജൂബിലി കോ-ഓഡിനേറ്റര്‍ ഫാ. ജോണ്‍ ഒറവുങ്കര, താമരശ്ശേരി അല്‍ഫോന്‍സാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജില്‍സണ്‍ തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം വൃത്തിയാക്കിയിരുന്നു. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കും ചില്ലുകുപ്പികളും അടക്കം മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങള്‍ പുതുപ്പാടി പഞ്ചായത്ത് അധികാരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഏറ്റെടുത്തു. വിവിധ ഇടവകകളില്‍ നിന്നുള്ള നാനൂറു പേര്‍ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.


Leave a Reply

Your email address will not be published. Required fields are marked *