സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിച്ചു


സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷ ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഇടവകകളില്‍ നടന്നു. ലൂക്കാ സുവിശേഷത്തിലെ ‘നീയും പോയി അതുപോലെ ചെയ്യുക’ എന്നതാണ് ഈ വര്‍ഷത്തെ മതബോധന പ്രമേയം. താമരശ്ശേരി രൂപതയുടെ റൂബിജൂബിലി, കുടിയേറ്റത്തിന്റെ ശതാബ്ദി, ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷം എന്നീ പ്രത്യേകതകളോടെയാണ് ഇത്തവണത്തെ അധ്യയന വര്‍ഷം ആരംഭിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.

മതബോധനം വിജയകരമാകുവാന്‍ കുട്ടികളോടൊപ്പം മാതാപിതാക്കളും അധ്യാപകരും ഒരേപോലെ പരിശ്രമിക്കണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കുട്ടികളെ പ്രതീക്ഷയുള്ളവരാക്കാനും ദൈവസ്‌നേഹത്തില്‍ ജ്വലിക്കുന്ന, പാപത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന, സഭ ശുശ്രൂഷകളെ പൂര്‍ണ സമര്‍പ്പണത്തോടെ ശക്തിപ്പെടുത്തുന്നവരുമാക്കാനുള്ള പരിശീലനമാണ് മതബോധനം. കരുതലോടെ പരിശീലനം നല്‍കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കണം. ഈശോയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമുക്ക് സാധിക്കണം – ബിഷപ് കൂട്ടിച്ചേര്‍ത്തു.

പയ്യനാട് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലെ അധ്യയന വര്‍ഷ ഉദ്ഘാടനം രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ നിര്‍വഹിച്ചു. മതബോധന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പയ്യനാട് സണ്‍ഡേ സ്‌കൂള്‍ തയ്യാറാക്കിയ കര്‍മ്മപദ്ധതി ചടങ്ങില്‍ പ്രകാശനം ചെയ്തു. സണ്‍ഡേ സ്‌കൂളില്‍ പുതുതായി ചേര്‍ന്ന 10 കുട്ടികളുടെ എഴുത്തിനിരുത്തും ഇതോടൊപ്പം സംഘടിപ്പിച്ചു. വിശ്വാസ പരിശീലന രംഗത്ത് ദീര്‍ഘനാള്‍ സേവനം ചെയ്ത ഓമന കുന്നേലിനെ ആദരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *