തുടരെ തുടരെ കൂട്ടക്കൊലകള്‍, പലായനം ചെയ്ത് ക്രിസ്ത്യാനികള്‍, എന്താണ് നൈജീരിയയില്‍ നടക്കുന്നത്?


ജനസംഖ്യയില്‍ പകുതിയോടടുത്താണെങ്കിലും നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ നിലനില്‍പ്പിനായി പാടുപെടുകയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 150 പേര്‍ കൊല്ലപ്പെട്ടു. പൊലിഞ്ഞ ജീവനുകള്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

എന്താണ് നൈജീരിയയിലെ പ്രശ്‌നം?

മരുഭൂമിവല്‍ക്കരണവും ജനസംഖ്യാ വര്‍ധനവും കൃഷിയോഗ്യമായ ഭൂമിക്കുവേണ്ടിയുള്ള അക്രമങ്ങള്‍ക്ക് തുടക്കമിട്ടു. മുസ്ലിം തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം, ഇസ്ലാമിക് സ്‌റ്റേറ്റ്, ഫുലാനി തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയുടെ ഉദയത്തോടെ കലാപങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം ലഭിച്ചു. ബോക്കോ ഹറാമും അതില്‍ നിന്ന് അടര്‍ന്നു വന്ന ഇസ്ലാമിക് സ്‌റ്റേറ്റും (വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ്) ക്രിസ്ത്യാനികളെ തിരഞ്ഞു പിടിച്ച് കൊല്ലുകയാണ്. കൃഷി ഭൂമിയും സ്വത്തുക്കളും സ്വന്തമാക്കുന്നതിനൊപ്പം ക്രിസ്ത്യാനികളുടെ ഉന്മൂലനമാണ് ഈ തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യം.

എവിടെയാണ് പ്രശ്‌നം?

നൈജീരിയുടെ ദക്ഷിണ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കാണ് ഭൂരിപക്ഷം. മറ്റു മേഖലകളെ അപേക്ഷിച്ച് ഇവിടെ താരതമ്യേന കുറ്റകൃത്യ നിരക്ക് കുറവാണ്.

മുസ്ലിം ഭൂരിപക്ഷമായ വടക്കന്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ അടക്കമുള്ള ന്യൂനപക്ഷകള്‍ വംശഹത്യക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ്. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളായ ബൊക്കോ ഹറാം, ഐഎസ് എന്നിവ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നു.

മധ്യദേശത്ത് ക്രിസ്ത്യന്‍-മുസ്ലിം ജനസംഖ്യ ഏകദേശം തുല്യമാണ്. ഇവിടെ കര്‍ഷകരും ഫുലാനി ഗോത്രവര്‍ഗ്ഗ തീവ്രവാദികളും തമ്മില്‍ വലിയ തോതില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. കൂടാതെ മുസ്ലീം തീവ്രവാദ സംഘങ്ങള്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു. കഴിഞ്ഞ ദിവസം 150 പേര്‍ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്.

ആരാണ് ബോക്കോ ഹറാം?

2002-ല്‍ മുഹമ്മദ് യൂസഫാണ് ബോക്കോ ഹറാമെന്ന മുസ്ലിം തീവ്രവാദ സംഘടനയ്ക്ക് തുടക്കമിടുന്നത്. ശരിയത്ത് നിയമം നടപ്പിലാക്കുക, പാശ്ചാത്യ വിദ്യാഭ്യാസം നിര്‍ത്തലാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. 2009-ല്‍ അദ്ദേഹം കൊല്ലപ്പെട്ടതോടെ നേതൃത്വം അബുബക്കര്‍ ഷെക്കാവു ഏറ്റെടുത്തു. അല്‍ ക്വയ്ദയോടും ഐഎസിനോടും സഖ്യം സ്ഥാപിച്ചു.

തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നിവയായിരുന്നു ബൊക്കോ ഹറാമിന്റെ ആദ്യകാല ഫണ്ടിങ് മാര്‍ഗങ്ങള്‍. തുടര്‍ന്ന് അല്‍ ക്വയ്ദ, അല്‍ ഷബാബ്, ഐഎസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി.

2009 മുതല്‍ 2024 വരെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 2400 ആക്രമണങ്ങള്‍ ബോക്കോ ഹറാം നടത്തി. 15,889 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ കുട്ടികളെയടക്കം തട്ടിക്കൊണ്ടു പോകുന്നത് പതിവാണ്. 2024-ല്‍ നടന്ന കലാപങ്ങളില്‍ 66 ശതമാനവും കൊല്ലപ്പെട്ടത് ബോക്കോ ഹറാമിന്റെയും ഐഎസിന്റെയും ആക്രമണങ്ങളിലാണ്. 20 ലക്ഷം പേരാണ് പലായനം ചെയ്തത്. 57,546 വീടുകളും 2,789 ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു.

നൈജീരിയയിലും ഇസ്ലാമിക് സ്റ്റേറ്റ്?

ബൊക്കോ ഹറാമില്‍ നിന്ന് അടര്‍ന്നു വന്ന ഒരു വിഭാഗമാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2015 മുതല്‍ സജീവമാണ്. നൈജീരിയയുടെ വടക്കന്‍ ഭാഗങ്ങളിലാണ് ഇവര്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിനു മുകളില്‍ കൊലകള്‍ക്ക് ഐഎസ് നേതൃത്വം നല്‍കി. പള്ളികള്‍, ആര്‍മി ബേസ്, സന്നദ്ധ പ്രവര്‍ത്തക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് പലപ്പോഴും ഐസ് ഭീകരര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

ആരാണ് ഫുലാനികള്‍?

കന്നുകാലി മേയ്ക്കുന്ന നാടോടികളായ ഗോത്ര വിഭാഗമാണ് ഫുലാനികള്‍. ഇവരില്‍ ഭൂരിപക്ഷവും ഇസ്ലാം മത വിശ്വാസികളാണ്. നൈജീരിയയുടെ മിഡില്‍ ബെല്‍റ്റില്‍ കൃഷി ഭൂമി സ്വന്താക്കുന്നതിനായി ക്രിസ്ത്യാനികളെ കൂട്ടക്കുരിതി നടത്തുന്നത് ഫുലാനി വിഭാഗത്തിലെ ചില തീവ്രവാദികളാണ്. അവര്‍ക്ക് തീവ്രവാദ സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ട്.

നൈജീരിയയില്‍ സര്‍ക്കാരില്ലേ?

സര്‍ക്കാരുണ്ട്. പക്ഷെ, ചത്തതിലൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണ് സ്ഥിതി. അക്രമങ്ങള്‍ അടിച്ചമര്‍ത്താനും ഭീകരരെ നിലയ്ക്കു നിര്‍ത്താനും സര്‍ക്കാരിനു കഴിയുന്നില്ല. പട്ടാളത്തിനും പൊലീസിനും കൃത്യമായ പരിശീലനങ്ങളോ ഫണ്ടിങ്ങോ ലഭിക്കാത്തതുകൊണ്ടുതന്നെ തീവ്രവാദികളോടു പൊരുതി നില്‍ക്കാനാകുന്നില്ല. ഇന്റലിജന്‍സ് വിഭാഗം അതിന്റെ അതിശൈശവ ദിശയിലാണ്. ഉദ്യോഗസ്ഥ തലത്തില്‍ നിലനില്‍ക്കുന്ന അഴിമതി തീവ്രവാദികളിലേക്ക് ആയുധങ്ങളെത്താന്‍ എളുപ്പമാക്കുന്നു. ലോക ശ്രദ്ധ വേണ്ടവിധം പതിയുന്നില്ലെന്നതും അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.