ഡിസംബര്‍ 1: വിശുദ്ധ എലീജിയൂസ് മെത്രാന്‍
ഫ്രാന്‍സില്‍ കാത്തെലാത്ത് എന്ന് പ്രദേശത്താണ് എലീജിയൂസ് ജനിച്ചത്. ഭക്തരായ മാതാപിതാക്കള്‍ മകനെയും ദൈവഭക്തിയില്‍ വളര്‍ത്തി. ദൈവവിശ്വാസത്തിലും സ്വഭാവ നൈര്‍മല്യത്തിലും ഏറെ മുമ്പിലായിരുന്നു അദേഹം. ദൈവാലയത്തിലെ പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. സ്വര്‍ണ്ണപ്പണിയില്‍ അതീവ സമര്‍ത്ഥനായിരുന്ന അദ്ദേഹത്തെ പാരീസിലെ ക്‌ളോട്ടയര്‍ ദ്വീതീയന്‍ രാജാവ് സ്വര്‍ണ്ണഖനികളുടെ നിയന്താവായി നിയോഗിച്ചു. ജോലിക്കിടയിലും സദ്ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ അദേഹം ശ്രദ്ധിച്ചു.
തനിക്കുണ്ടായിരുന്ന വിശേഷ വസ്ത്രങ്ങളെല്ലാം ദരിദ്രര്‍ക്കായി സമ്മാനിച്ച അദ്ദേഹം ദരിദ്രരെ സഹായിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ദിവസങ്ങള്‍ തുടര്‍ച്ചയായി ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും. സുകൃതജീവിതവും പാണ്ഡിത്യവും അദ്ദേഹത്തെ പുതിയ ജീവിതാന്തസിലേക്ക് നയിച്ചു. വൈദികനായും തുടര്‍ന്ന് മെത്രാനായും നിയോഗിക്കപ്പെട്ടു. പുതിയ അന്തസില്‍ ഉപവാസവും ജാഗരണവും അദ്ദേഹം വര്‍ദ്ധിപ്പിച്ചു. എളിമയിലും ദരിദ്രാരൂപിയിലും, പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ദിനം പ്രതി അദേഹം മുന്നേറിക്കൊണ്ടിരുന്നു. മരണത്തിനായി ഏറെ സന്തോഷത്തോടെ കാത്തിരുന്ന അദ്ദേഹം തന്റെ 71-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി ദിവ്യനാഥന്റെ പക്കലേക്ക് യാത്രയായി.