ഡിസംബര്‍ 2: വിശുദ്ധ ബിബിയാന രക്തസാക്ഷി
റോമില്‍ അപ്രോണിയാനൂസ് ഗവര്‍ണറായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു കന്യകയാണ് ബിബിയാന. ഫ്‌ളാവിയന്‍ എന്ന ഒരു റോമന്‍ യോദ്ധാവിന്റെയും ഡഫ്രോസായുടെയും മകളായിരുന്നു ബിബിയാന. ക്രിസ്ത്യാനികളെ അതിക്രൂരമായി ഗവര്‍ണര്‍ ഉപദ്രവിച്ചിരുന്നു. ഭക്തരായ ക്രിസ്ത്യാനികളായിരുന്നതുകൊണ്ട് ബിബിയാനയുടെ മാതാപിതാക്കളെയും ഗവര്‍ണ്ണറുടെ വിധി പ്രകാരം വധിച്ചു. അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു.
ബിബിയാനയും സഹോദരി ദെമേത്രിയായും ദാരിദ്രത്തിലമര്‍ന്നു. അഞ്ച് മാസം പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. ക്രിസ്തുമതം ഉപേക്ഷിക്കുന്നതിനായി പലതരത്തില്‍ അവര്‍ പ്രലോഭിക്കപ്പെട്ടു. ദെമേത്രിയാ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് വീണു മരിച്ചു. നാരകീയ വശീകരണങ്ങള്‍ പ്രയോഗിച്ചിട്ടും മാനസാന്തരപ്പെടുന്നില്ല എന്ന് കണ്ട ബിബിയാനയെ ഒരു തൂണില്‍ കെട്ടി അടിച്ചുകൊല്ലുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. സന്തോഷത്തോടെ ബിബിയാന ഈ ശിക്ഷ സ്വീകരിച്ചു.
‘നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാം, ഇഷ്ടമുള്ളത് അന്വേഷിക്കാം, എന്നാല്‍ കുരിശിന്റെ വഴിയേക്കാള്‍ ഭേദവും ഭദ്രവുമായ ഒരുമാര്‍ഗം ഒരിടത്തുമില്ല’ എന്ന ക്രിസ്ത്യാനുകരണം ജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധ ബിബിയാനയെപ്പോലെ കുരിശിന്റെ വഴിയെ ഏറെ സ്‌നേഹത്തോടെ നമുക്കും പുല്‍കാം.