ഡിസംബര്‍ 7: വിശുദ്ധ അംബ്രോസ് മെത്രാന്‍ – വേദപാരംഗതന്‍
അഭിഭാഷക ജോലിയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്കും തുടര്‍ന്ന് മെത്രാന്‍ പദവിയിലേക്കും ഉയര്‍ത്തപ്പെട്ട ഒരു ശ്രേഷ്ഠ വ്യക്തിയാണ് അംബ്രോസ്. 374 ഡിസംബര്‍ ഏഴാം തീയതി ജ്ഞാനസ്‌നാനവും പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ച അംബ്രോസ് തന്റെ സ്വത്തുമുഴുവനും ദരിദ്രര്‍ക്കും തിരുസഭയ്ക്കുമായി നല്‍കി.
നല്ല ഒരു വാഗ്മിയായിരുന്ന അംബ്രോസിന് തന്റെ വാക്‌വിലാസം കൊണ്ട് പല തിന്മകളെയും ചെറുത്തു തോല്‍പിക്കാന്‍ സാധിച്ചു. ആര്യന്‍ പാഷാണ്ഡികളെ ചെറുത്തു നില്‍ക്കാനും ചക്രവര്‍ത്തിമാരുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുവാനും അദേഹം മടിച്ചില്ല. തെസ്‌ലോനിക്കയില്‍ അനേകരുടെ വധത്തിന് കാരണമായ തെയോഡോഷ്യസ് ചക്രവര്‍ത്തിയെ പരസ്യപ്രാശ്ചിത്തം ചെയ്തതിനു ശേഷമേ ദേവാലയത്തില്‍ കയറാന്‍ അനുവദിച്ചുള്ളൂ. വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനും വിശുദ്ധ അംബ്രോസിന്റെ പ്രസംഗം ഉപകരിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം മുതലായ വിഷയങ്ങളെ പറ്റി, ഈടുറ്റ ഗ്രന്ഥങ്ങള്‍ അദേഹം രചിച്ചിട്ടുണ്ട്.
”ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഉറങ്ങുന്നവര്‍ക്കല്ല, ജാഗരിച്ച് അധ്വാനിക്കുന്നവര്‍ക്കത്രേ” എന്ന വിശുദ്ധ അംബ്രോസിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ദൈവാനുഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ നമുക്കും പരിശ്രമിക്കാം.