ഡിസംബര്‍ 12: വിശുദ്ധ ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍
ബര്‍ഗന്റി പാര്‍ലമെന്റിന്റെ പ്രസിഡന്റായിരുന്ന ബെനീഞ്ഞിയൂ പ്രൊമിയോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25 ന് ജനിച്ച ജെയിന്‍. ബാല്യത്തില്‍ തന്നെ അമ്മ മരിച്ചു. ജെയിന് 20 വയസുള്ളപ്പോള്‍ ഫ്രഞ്ചു സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ബാരണ്‍ ദെ ഷന്താള്‍ അവളെ വിവാഹം കഴിച്ചു. ഭര്‍ത്താവ് മതഭക്തനും യോഗ്യപുരുഷനുമായിരുന്നതിനാല്‍ ജെയിന്റെ കുടുംബജീവിതം സന്തുഷ്ടമായിരുന്നു.
ദിനംപ്രതി ദീര്‍ഘസമയം അവര്‍ പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും ചെലവഴിച്ചു. എന്നാല്‍ 28 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. ഒരാണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ജെയിനിനുണ്ടായരുന്നത്. 1604 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സെയില്‍സുമായുള്ള കൂടിക്കാഴ്ച്ച ജെയിനിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ധ്യാനത്തിലും വിശുദ്ധ കുര്‍ബാനയിലും കുട്ടികളെ വേദോപദേശം പഠിപ്പിക്കലുമായി അവള്‍ സമയം വിനിയോഗിച്ചു. ഇതിനിടെ സന്യാസ സഭിയില്‍ ചേരുവാനുള്ള ആഗ്രഹം അവള്‍ വിശുദ്ധ ഫ്രാന്‍സിസിനെ അറിയിച്ചു. അദേഹം കന്യകാമറിയത്തിന്റെ വിസിറ്റേഷന്‍ സഭ സ്ഥാപിക്കുകയും അതുനടത്താന്‍ ജെയിനിനെ ഏല്‍പ്പിക്കുകയും ചെയ്തു.
അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം സന്യാസ ജീവിത്തതിന്റെ ഉത്തരവാദിത്വങ്ങളില്‍ അവള്‍ മുഴുകി. ദൈവം നമ്മില്‍ ജീവിക്കാന്‍ നമ്മള്‍ മരിക്കണമെന്ന് അവള്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. വിസിറ്റേഷന്‍ മഠം അതിവേഗം വളര്‍ന്നു. 1641 ഡിസംബര്‍ 13 ാം തിയതി 69-ാമത്തെ വയസില്‍ ജെയിന്‍ ദിവംഗതയായി.
”മഹാ സഹനത്തിന്റെ ഇടയ്ക്കും അവളുടെ മുഖത്തിന്റെ പ്രസന്നത മങ്ങിയിട്ടില്ല. ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ആകയാല്‍ ഞാന്‍ ഭൂമിയില്‍ കണ്ടിട്ടുള്ള എല്ലവരിലും വച്ച് അവള്‍ പരിശുദ്ധയാണ്” എന്ന് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ജെയിനിനെ പറ്റി പറയുന്നു.