ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി)
സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു കുലീന കുടുംബത്തില്‍ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന അവള്‍ ഈശോയെ മണവാളനായി സ്വീകരിക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ അമ്മ മകളെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചു.
അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. മകളുടെ നിര്‍ബന്ധം നിമിത്തം അഗത്താ പുണ്യവതിയുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിക്കവെ ലൂസിക്കുണ്ടായ ദര്‍ശനത്തില്‍ അഗത്താ ലൂസിയോടു പറഞ്ഞു: ‘അമ്മയെ ദൈവം സുഖപ്പെടുത്തും. കറ്റാനിയായില്‍ എനിക്കുള്ളതുപോലെ ഒരു സ്ഥാനം സിറാക്കൂസില്‍ നിനക്കു ലഭിക്കും.’ ഈ സ്വപ്നം അവളുടെ ആഗ്രഹത്തെ ദൃഢമാക്കി.
വിവാഹത്തിനായി കരുതിയിരുന്ന ധനമെല്ലാം ദരിദ്രര്‍ക്കു നല്‍കുവാന്‍ ലൂസി ആവശ്യപ്പെട്ടു. സമസ്തവും വിറ്റ് അവള്‍ ദരിദ്രര്‍ക്ക് കൊടുത്തു. ലൂസിയുടെ കാമുകന്‍ ഈ പ്രവൃത്തി എതിര്‍ത്തെങ്കിലും ലൂസി പിന്‍മാറിയില്ല. ലൂസി ഒരു ക്രിസ്ത്യാനിയാണെന്ന് അയാള്‍ പ്രീഫെക്ട് പസക്കാസിയൂസിനെ അറിയിച്ചു. പസ്‌ക്കാസിയൂസ് പല ഭീഷണികള്‍ പ്രയോഗിച്ചു. എന്നാല്‍ ലൂസിയുടെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. പലവിധ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഒരു വാള്‍ അവളുടെ തൊണ്ടയില്‍ കുത്തിയിറക്കി അവളെ വധിച്ചു.