ജനുവരി 9: സെബാസ്റ്റിലെ വിശുദ്ധ പീറ്റര്‍
വിശുദ്ധ ബാസില്‍ സീനിയറിന്റെയും വിശുദ്ധ എമീലിയായുടേയും മക്കളാണ് ബാസില്‍, നിസ്സായിലെ ഗ്രിഗറി, സെബാസ്റ്റിലെ പീറ്റര്‍, മക്രീന എന്നീ നാലു വിശുദ്ധര്‍. ബാസില്‍ സീനിയറിന്റെ പത്തു മക്കളില്‍ ഇളയവനാണ് പീറ്റര്‍. സഹോദരി മക്രീനാ ആണ് പീറ്ററിനെ വളര്‍ത്തിയെക്കൊണ്ടുവന്നതും ഭക്താഭ്യാസങ്ങള്‍ പഠപ്പിച്ചതും.
ലൗകിക വിജ്ഞാനം തേടണമെന്ന് അവനാഗ്രഹമുണ്ടായില്ല. പരിപൂര്‍ണ്ണമായ ദൈവ സ്‌നേഹം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതായിരുന്നു അവന്റെ അഭിനിവേശം. ബാസിലിന്റെ കീഴിലുണ്ടായിരുന്ന ആശ്രമത്തില്‍ ശ്രേഷ്ഠസ്ഥാനം നിര്‍വ്വഹിക്കവേ പോന്തൂസിലും കപ്പദോച്ചിയായിലും ഭയങ്കരമായ ഒരു ക്ഷാമം ഉണ്ടായി. ആശ്രമത്തിലും സ്വഭവനത്തിലുമുണ്ടായിരുന്ന സമസ്തവും വിറ്റ് അദ്ദേഹം ദരിദ്രര്‍ക്ക് കൊടുത്തു.
387-ല്‍ പീറ്റര്‍ മരിച്ചു. അതേ വര്‍ഷം തന്നെ അദ്ദേഹത്തെ ജനങ്ങള്‍ വണങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സഹോദരന്‍ ഗ്രിഗറി നിസ്സാ പറയുന്നു: സഹോദരി മക്രീന പീറ്ററിനെ അഭ്യസിപ്പിച്ച എളിമയും വിശുദ്ധിയുമാണ് അദ്ദേഹത്തെ വിശുദ്ധ പദത്തില്‍ എത്തിച്ചത്. ക്രിസ്തു തന്നില്‍ ജീവിക്കുന്നതിന് പീറ്റര്‍ തനിക്കും ലോകത്തിനുമായി മരിച്ചു. നമുക്കും ലോകവസ്തുക്കളോടുള്ള അമിതമായ താല്‍പര്യം വര്‍ജിക്കാം.