ഫെബ്രുവരി 7: വിശുദ്ധ റിച്ചാഡ് രാജാവ്
ഇംഗ്ലണ്ടില്‍ വെസ്റ്റ് സാക്‌സണ്‍സ് എന്നറിയപ്പെടുന്നവരുടെ രാജാവായിരുന്ന റിച്ചാഡ് ക്രിസ്തീയ പരിപൂര്‍ണ്ണതയെ ലക്ഷ്യമാക്കി രാജപദവി ഉപേക്ഷിച്ചുവെന്ന് ഒരു അഭിപ്രായമുണ്ട്. തന്റെ രണ്ട് മക്കളെയും കൂട്ടി അദ്ദേഹം റോമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ രോഗത്തില്‍ നിന്ന് സ്വന്തം പുത്രനെ വാക്കുകള്‍കൊണ്ട് സുഖപ്പെടുത്തിയത് ശ്രദ്ധേയമായ ഒരു സംഭവമാണ്. മകന്‍ വില്ലിബോള്‍ഡ് മരിക്കാറായിരിക്കുന്നുവെന്ന് സര്‍വ്വരും അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു കുരിശുനാട്ടി അതിന്റെ അരികെ കുട്ടിയെ കിടത്തി പ്രാര്‍ത്ഥിക്കുകയും കുട്ടി സുഖപ്പെടുകയും ചെയ്തു. റിച്ചാര്‍ഡിനുണ്ടായിരുന്ന രാജകീയ പ്രൗഡി വിശുദ്ധിയുടെ വികസനത്തിനൊരു പ്രതിബന്ധമായില്ല. ദൈവത്തില്‍ ശരണപ്പെട്ടു ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന ഏവര്‍ക്കും വിശുദ്ധി പ്രാപിക്കാവുന്നതേയുള്ളുവെന്ന് വിശുദ്ധ റിച്ചാഡ് രാജാവിന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.