ഫെബ്രുവരി 17: മേരിദാസന്മാര്‍
1233-ല്‍ സ്ഥാപിതമായ ഒരു സഭയാണ് ‘മേരി ദാസന്മാര്‍’ എന്ന സഭ. ഫ്‌ളോറെന്‍സിലെ ഏഴുപ്രഭു കുടുംബാംഗങ്ങളാണ് ഈ സഭയുടെ സ്ഥാപകര്‍. 1888-ല്‍ എല്ലാവരെയും വിശുദ്ധരെന്ന് നാമകരണം ചെയ്തു. 1233-ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം ഏഴ് യുവാക്കള്‍ക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ലൗകിക ആര്‍ഭാടങ്ങള്‍ പരിത്യജിച്ച് തന്റെ സേവനത്തിനു വരാന്‍ അവരോട് ആവശ്യപ്പെട്ടു. ‘ബോണ്‍ ഫിലിയൂസ്, ബോനയുംക്താ, അമിദേവൂസ്, ഹ്യൂഗ്, മനേത്തൂസ്, സോസ്‌തേനൂസ്, അലക്‌സിയൂസ്’ എന്നിവരാണ് ആ അഴ് വിശുദ്ധര്‍, ഫ്‌ളോറന്‍സിനടുത്ത് ലാക്മാര്‍ഡിയ എന്ന പ്രദേശത്താണ് അവര്‍ ആദ്യത്തെ ആശ്രമം സ്ഥാപിച്ചത്. ദൈവമാതാവു തന്നെയത്രേ അവര്‍ക്കു സഭാവസ്ത്രം നല്‍കിയത്. ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളോടുള്ള ഭക്തി പ്രത്യേകവിധത്തില്‍ മേരിദാസന്മാര്‍ അഭ്യസിക്കുന്നു. മേരിദാസന്മാര്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹം അസാധാരണമാണ്. നമുക്കു ലഭിക്കുന്ന ദൈവവരങ്ങള്‍ ശരിയായി ഉപയോഗിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.