മാര്‍ച്ച് 16: വിശുദ്ധ ഹെറിബെര്‍ട്ട് മെത്രാന്‍
വേംസിലെ ഹ്യൂഗോ പ്രഭുവിന്റെ മകനാണ് ഹെറിബെര്‍ട്ട്. കത്തീഡ്രല്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 994-ല്‍ 24-ാമത്തെ വയസ്സില്‍ വൈദികനായി. അനന്തരം ഓട്ടോ തൃതീയന്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമര്‍ത്ഥമായി ജോലിചെയ്തു. 999-ല്‍ കൊളോണ്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി.
ചക്രവര്‍ത്തിയായിരുന്ന ഹെന്റി ദ്വിതീയന്‍ ആര്‍ച്ചുബിഷപ്പിനെ കുറേനാള്‍ തടവില്‍ പാര്‍പ്പിച്ചു. പിന്നീട് ചക്രവര്‍ത്തി തെറ്റു മനസ്സിലാക്കി മാപ്പുചോദിച്ചുവെങ്കിലും മരണംവരെ കാര്യമായ സ്‌നേഹമൊന്നും ആര്‍ച്ചുബിഷപ്പിനോട് പ്രകടിപ്പിച്ചില്ല. ആര്‍ച്ചുബിഷപ്പാകട്ടെ തന്റെ കഴിവുപോലെ ചക്രവര്‍ത്തിയെ സഹായിച്ചും ശുശ്രൂഷിച്ചും പോന്നു.
ജീവിതകാലത്തുതന്നെ ജനങ്ങള്‍ ആര്‍ച്ചുബിഷപ്പിനെ ഒരു പുണ്യവാനായിട്ടാണ് കരുതിയിരുന്നത്. ആശ്രമങ്ങളും ദൈവാലയങ്ങളും സ്ഥാപിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച ഔദാര്യം അദ്ദേഹത്തിന്റെ തീക്ഷ്ണതയ്ക്കു തെളിവാണ്. അദ്ദേഹത്തെ സംസ്‌കരിച്ചിരിക്കുന്ന ഡെയ്റ്റ്‌സ് ആശ്രമം അദ്ദേഹം പണിയിച്ചതാണത്രേ.
പാണ്ഡിത്യവും പരിശുദ്ധിയും തത്വദീക്ഷയും ചേര്‍ന്ന ജീവിതം ലോകം ബഹുമാനിക്കുമെന്നുള്ളതിന് തെളിവാണ് വിശുദ്ധ ഹെറിബെര്‍ട്ടിന്റെ അനുഭവം.