മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്
ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചുവെന്ന് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ പുത്രനായ ഈശോയെ വളര്‍ത്താനും കന്യകാമറിയത്തെ സംരക്ഷിക്കാനും ഏല്‍പിച്ചത് വിശുദ്ധ യൗസേപ്പിനെയാണ്. മറിയവും താനും വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പു മറിയം ഗര്‍ഭിണിയായിരിക്കുന്നുവെന്ന് കണ്ട യൗസേപ്പ്, ഭാര്യയ്ക്ക് അപമാനം വരാതിരിക്കാന്‍ രഹസ്യമായി ഭാര്യയെ ഉപേക്ഷിക്കാന്‍ മാത്രം നിശ്ചയിച്ചു. യൗസേപ്പ് നീതിമാനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സുവിശേഷകന്‍ പറയുന്നു.
തന്റെ പരിശുദ്ധ ഭാര്യയെ സംശയിച്ചപ്പോഴും ഹേറോദേസില്‍നിന്നു രക്ഷപ്പെടാന്‍ ഈജിപ്തിലേക്കു പലായനം ചെയ്തപ്പോഴും അവിടെനിന്ന് നസ്‌റത്തിലേക്കു മടങ്ങേണ്ട ഘട്ടം വന്നപ്പോഴും ഒരു മാലാഖാവഴി യൗസേപ്പിനു സന്ദേശം ലഭിക്കുകയാണുണ്ടായത്. ആ സന്ദേശങ്ങള്‍ അത്ര മാധുര്യമുള്ളവയൊന്നുമല്ലായിരുന്നുവെങ്കിലും പൂര്‍ണ്ണസന്തോഷത്തോടെ അദ്ദേഹം അവ നിര്‍വ്വഹിച്ചുകൊണ്ടു താന്‍ നീതിമാനാണെന്ന പരിശുദ്ധാത്മാവിന്റെ സാക്ഷ്യത്തിന് തെളിവു നല്‍കിയിരിക്കുന്നു.
ഈശോയെ കാണുകയും കേള്‍ക്കുകയും മാത്രമല്ല സ്വകരങ്ങളില്‍ സംവഹിക്കുകയും ആശ്ലേഷിക്കുകയും അവസാനം ഈശോയുടെയും പരിശുദ്ധ ജനനിയുടെയും സ്‌നേഹശുശ്രൂഷകള്‍ സ്വീകരിച്ച് മരിക്കുകയും ചെയ്തത് എത്ര മഹാ ഭാഗ്യം! യൗസേപ്പ് നന്മരണ മധ്യസ്ഥനും കന്യകകളുടെ കാവല്‍ക്കാരനും തൊഴിലാളികളുടെ ആശ്രയവും തിരുസഭയുടെ സംരക്ഷകനുമാണ്.
ഈജിപ്തില്‍ പഞ്ഞമുണ്ടായപ്പോള്‍, ഫറവോ പ്രജകളോടു പറഞ്ഞു: ‘യൗസേപ്പിന്റെ പക്കല്‍ പോകുവിന്‍’ ഇന്നത്തെ ആത്മീയ പഞ്ഞത്തിലും മറ്റ് അവശതകളിലും നമുക്ക് ആശ്രയിക്കാവുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.