ഏപ്രില്‍ 17: വിശുദ്ധ അനിസെത്തൂസ് മാര്‍പാപ്പ
വിശുദ്ധ പത്രോസ് മുതല്‍ ആറാം പൗലോസ് വരെയുള്ള 264 മാര്‍പാപ്പ മാരില്‍ 79 പേര്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ലിബേരിയൂസ് പാപ്പാവരെയുള്ള ആദ്യത്തെ 36 മാര്‍പാപ്പമാരും വിശുദ്ധരാണ്. മാര്‍പാപ്പമാരുടെ പരിശുദ്ധത തിരുസ്സഭയുടെ വിശുദ്ധിക്ക് തെളിവായിട്ടുണ്ട്. വിശുദ്ധ പീയൂസ് പ്രഥമന്റെ പിന്‍ഗാമിയാണ് 165-ല്‍ പേപ്പല്‍ സിംഹാസനത്തില്‍ ആരോഹണം ചെയ്ത അനിസെത്തൂസ്.
മാര്‍പാപ്പയായ ഉടനെ വിശുദ്ധ പോളിക്കാര്‍പ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഉയിര്‍പ്പ് ആഘോഷിക്കുന്നത് നീസാന്‍ (ഏപ്രില്‍) 14-ാം തീയതി ആണെന്നും അതംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. നീസാന്‍ 14-ാം തീയതി ഞായറാഴ്ച ആയില്ലെന്നുവരും; എന്നിട്ടും മാര്‍പാപ്പ അത് അംഗീകരിച്ചു. എന്നാല്‍ മാര്‍സിയന്‍ തുടങ്ങിയ പാഷണ്ഡികളുടെ വാദമുഖങ്ങളെ മാര്‍പാപ്പ ചെറുത്തു.
ദൈവശാസ്ത്രം വളര്‍ന്നിട്ടില്ലാതിരുന്ന കാലത്ത് വിശ്വാസ സത്യങ്ങളെയും ആചാരമുറകളെയും വിവേചിച്ച് തീരുമാനമെടുക്കാന്‍ മാര്‍പാപ്പമാര്‍ക്ക് സാധിക്കുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്. ആകയാല്‍ പേപ്പല്‍ തീരുമാനങ്ങളെ നമുക്ക് വിനയപൂര്‍വം സദാ സ്വീകരിക്കാം.