നോട്രഡാം കത്തീഡ്രലിലെ അഗ്നിബാധയ്ക്ക് അഞ്ചു വയസ്
യേശുവിനെ ധരിപ്പിച്ച മുള്‍മുടി കാലകാലങ്ങളായി സൂക്ഷിച്ചിരുന്ന ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലിന്റെ ഗോപുരത്തെ അഗ്നി വിഴുങ്ങിയിട്ട് അഞ്ചു വര്‍ഷം. കോവിഡ് പ്രതിസന്ധികള്‍ വേഗത കുറച്ചെങ്കിലും കത്തീഡ്രലിന്റെ പുനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഡിസംബറോടെ കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് സര്‍ക്കാര്‍.
850 വര്‍ഷത്തിലേറെ പഴക്കമുള്ള കത്തീഡ്രലില്‍ 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അഗ്നിബാധയുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറില്‍ പരം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു അന്നു തീയണച്ചത്. തീപിടുത്ത കാരണം ഇന്നും വ്യക്തമല്ല. അഗ്നിബാധയെ തുടര്‍ന്ന് മുള്‍കിരീടതിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരിന്നു.
അഗ്നിബാധയ്ക്കു മുമ്പ് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം.