കൂട്ടായ്മയുടെ ആഘോഷമായി ‘അര്‍പ്പിതം 2024’
തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാനും ദൈവത്തിനു നന്ദി പറയാനുമുള്ള അവസരമാണ് വൈദിക, സന്യസ്ത സംഗമം – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അര്‍പ്പിതം 2024’ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സംഗമത്തില്‍ ആയിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്തു.
സഭയാകുന്ന വലിയ രഹസ്യത്തിലേക്കാണ് ഓരോ സമര്‍പ്പിതരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സഭയുടെ തൂണും സത്യത്തിന്റെ കോട്ടയുമാണ് അവരെന്നും ആമുഖ പ്രഭാഷണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
‘യേശുവിന്റെ ശരീരത്തെയാണ് ഓരോ സമര്‍പ്പിതരും ശുശ്രൂഷിക്കുന്നത്. കൂട്ടായ്മയോടെ ഒരുമിച്ചു നില്‍ക്കുന്നത് വലിയൊരു പ്രേഷിത പ്രവര്‍ത്തനമാണ്. പ്രതിസന്ധികളും വെല്ലുവിളികളും എല്ലാ കാലവും ഉണ്ടാകും. അതിനെ നാം സമീപിക്കുന്നത് എങ്ങനെയെന്നതാണ് പ്രധാനം. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് എപ്പോഴും ഓര്‍ക്കണം’ – ബിഷപ് കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. രൂപതയില്‍ നിന്ന് വൈദികരും സന്യസ്തരുമായ 3000-ല്‍ അധികം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.
സൗഹൃദവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുകയെന്നത് റെമീജിയോസ് പിതാവിന്റെ ആഗ്രഹമായിരുന്നെന്ന് സ്വാഗത പ്രസംഗത്തില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ പറഞ്ഞു.
ഡോ. ജെയിംസ് കിളിയനാനി രചിച്ച രണ്ടു ഗ്രന്ഥങ്ങള്‍ ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. അഭിഷിക്തനും അഭിഷേകവും എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഏറ്റുവാങ്ങി. വിശ്വാസത്തിന്റെ വിജയാഘോഷം എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറിയില്‍ ഏറ്റുവാങ്ങി.