മെയ് 14: വിശുദ്ധ മത്തിയാസ് ശ്‌ളീഹാ
കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവിടുത്തെ ശിഷ്യന്മാര്‍ ദൈവമാതാവിനോടൊരുമിച്ച് അത്താഴമുറിയില്‍ പരിശുദ്ധാത്മാവിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഒരു സംഗതി നിര്‍വ്വഹിക്കാനുണ്ടായിരുന്നു. യൂദാസിന്റെ സ്ഥാനത്തു വേറൊരാളെ നിയോഗിക്കേണ്ടിയിരുന്നു. ‘അവന്റെ ആചാര്യ സ്ഥാനം മറ്റൊരുവന്‍ സ്വീകരിക്കട്ടെ.’ എന്നു സങ്കീര്‍ത്തകന്‍ എഴുതിയിട്ടുണ്ടല്ലോ ആകയാല്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ നമ്മോടുകൂടെ ചെലവഴിച്ച കാലത്തെല്ലാം യോഹന്നാന്‍ ജ്ഞാനസ്നാനം നല്‍കിയതു മുതല്‍ അവിടുന്ന് ആരോഹണം ചെയ്തതുവരെ നമ്മോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ പുനരുത്ഥാനത്തിനു സാക്ഷിയാകണം. അവര്‍ രണ്ടുപേരുടെ നാമം നിര്‍ദ്ദേശിച്ചു; യുസ്തുസ് എന്നു വിളിക്കപ്പെടുന്നവനും ബര്‍ണബാസ് എന്ന അപരനാമമുള്ളവനുമായ യൗസേപ്പിനേയും മത്തിയാസിനേയും. അനന്തരം അവര്‍ ഇങ്ങനെ അപേക്ഷിച്ചു: ‘സകലരുടേയും ഹൃദയങ്ങള്‍ കാണുന്ന കര്‍ത്താവേ, യൂദാസു സ്വന്തം കുറ്റത്താല്‍ ശ്‌ളൈഹിക സ്ഥാനവും ആചാര്യത്വവും നഷ്ടപ്പെടുത്തി. അവനര്‍ഹിക്കുന്ന സ്ഥാനത്തേക്ക് അങ്ങ് ആരെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ക്കു കാണിച്ചുതരിക.’ പിന്നീട് അവര്‍ നറുക്കിട്ടു. നറുക്കു മത്തിയാസിനു വീണു. അങ്ങനെ അദ്ദേഹം 11 ശ്‌ളീഹന്മാരോടുകൂടെ എണ്ണപ്പെട്ടു (നട. 1, 21-26).
ഇതര അപ്പസ്‌തോലന്മാരോടുകൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച മത്തിയാസ് ശരീര നിഗ്രഹത്തെ കുറിച്ചു അത്യുത്സാഹത്തോടെ പ്രസംഗിക്കുകയുണ്ടായെന്ന് അലെക്‌സാന്‍ട്രിയായിലെ വിശുദ്ധ ക്ലമന്റു പറയുന്നു. അദ്ദേഹം കപ്പദോ ച്യായിലും കാസ്പിയന്‍ സമുദ്രതീരത്തുമാണു സുവിശേഷം പ്രസംഗിച്ചത്. എത്തിയോപ്യായില്‍ വച്ചു മത്തിയാസ് രക്തസാക്ഷിത്വ കിരീടം നേടി.