Daily Saints

മെയ് 15: കര്‍ഷകനായ വിശുദ്ധ ഇസിദോര്‍


കര്‍ഷകരുടേയും മാഡ്രിഡിന്റെയും ഐക്യസംസ്ഥാന ഗ്രാമീണജീവിത കോണ്‍ഫ്രന്‍സിന്റെയും മധ്യസ്ഥനായ ഇസിദോര്‍ മാഡ്രിഡില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള ധനശേഷി മാതാപിതാക്കന്മാര്‍ക്കുണ്ടായിരുന്നില്ല; എന്നാല്‍ പാപത്തോടുള്ള ഭയവും സുകൃതങ്ങളും അവര്‍ അവനെ അഭ്യസിപ്പിച്ചു. ദൈവസ്‌നേഹവും എളിമയുമാണു വിശുദ്ധന്‍ പഠിച്ചിരുന്ന അക്ഷരമാല.

ഇസിദോറിനു മാഡ്രിഡില്‍ കൃഷിപ്പണിയായിരുന്നു ജോലി. ദൈവസാന്നിധ്യത്തിലുള്ള അധ്വാനംകൊണ്ടു ശാരീരിക ദുര്‍വാസനകളെ നിയന്ത്രിച്ചു ഇസിദോര്‍ വിശുദ്ധനായി. ജോലികഴിയുമ്പോള്‍ പ്രാര്‍ത്ഥനയിലാണു സമയം ചെലവഴിച്ചിരുന്നത്.

യഥാവസരം മരിയാ ദെലാകബേസ, എന്ന ഒരു ഭക്തസ്ത്രീയെ ഇസിദോര്‍ വിവാഹം കഴിച്ചു. അവര്‍ക്കു ഒരു കുട്ടി ജനിച്ചു; അതു ശൈശവത്തില്‍ തന്നെ അന്തരിച്ചു. അനന്തരം പരസ്പരസമ്മതത്തോടെ രണ്ടുപേരും വിരക്തമായി ജീവിക്കാന്‍ തുടങ്ങി. ഭാര്യയും ഭര്‍ത്താവിനെപ്പോലെ ഭക്തമായ ജീവിതമാണു നയിച്ചത്. അവളും പുണ്യവതിയായി എണ്ണപ്പെട്ടു. ദരിദ്രനായ ഇസിദോര്‍ ദരിദ്രസേവനത്തില്‍ മുന്‍പന്തിയിലായിരുന്നു; അത്ഭുതം പ്രവര്‍ത്തിച്ചും ദരിദ്രര്‍ക്ക് അദ്ദേഹം ആഹാരം നല്‍കി.

മരണകരമായ രോഗം സമീപിച്ചപ്പോള്‍ ഇസിദോര്‍ മരണസമയം മുന്‍കൂട്ടി അറിയിക്കുകയും തീക്ഷ്ണതയോടും പ്രസന്നതയോടുംകൂടെ അതിന് ഒരുങ്ങു കയും ചെയ്തു. അന്ത്യകൂദാശകള്‍ സ്വീകരിക്കുന്നതു കണ്ടുനിന്നവര്‍ ദൈവ സ്‌നേഹാശ്രു പൊഴിച്ചു. ദൈവസ്‌നേഹപ്രകരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടു 1170 മേയ് 15-ന് ഇസിദോര്‍ ഈ ലോകത്തോടു യാത്ര പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *