ജൂണ്‍: 4 വിശുദ്ധ ഫ്രാന്‍സിസ് കരാച്ചിയോള
ഇറ്റലിയില്‍ അബൂസിയില്‍ ഒരു കുലീന കുടുംബത്തില്‍ ഫ്രാന്‍സിസ് കരാച്ചിയോള ഭൂജാതനായി : ജ്ഞാനസ്‌നാന നാമം അസ്‌കാനിയോ എന്നായിരുന്നു ചെറുപ്പത്തില്‍ അവന് കുഷ്ഠരോഗമുണ്ടായെന്നും ദൈവസേവനത്തിന് ജീവിതം നേര്‍ന്നപ്പോഴാണ് രോഗം മാറിയതെന്നും പറയപ്പെടുന്നു. വായിക്കാത്ത സമയമെല്ലാം പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയുടെ സന്ദര്‍ശനത്തിലും രോഗീശുശ്രൂഷയിലുമാണ് അസ്‌കാനിയോ ചെലവഴിച്ചത്. സന്ദര്‍ശകര്‍ കുറവായിരുന്ന ദൈവാലയമാണ് അസ്‌കാനിയോ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരുന്നത്. 1587 ല്‍ അസ്‌കാനിയോ ഒരു സൈനികനായി കുറ്റപ്പുള്ളികളെ നന്മരണത്തിനൊരുക്കാനുള്ള സഭയില്‍ അംഗത്വം സ്വീകരിച്ചു. പിറ്റേ വര്‍ഷംതന്നെ ‘Minor Clerks Regular’ എന്ന ഒരു സന്യാസസഭ സിക്സ്റ്റസ്സു പഞ്ചമന്‍ പാപ്പായുടെ അംഗീകാരത്തോടെ അദ്ദേഹം ആരംഭിച്ചു.
നിഷ്‌കൃഷ്ടമായ പ്രായശ്ചിത്തങ്ങള്‍ പുതിയ സഭയുടെ പ്രത്യേകതയായിരുന്നു. ഉപവാസം, ചമ്മട്ടിയടി, രോമച്ചട്ട. വിശുദ്ധ കുര്‍ബാനയുടെ ആരാധന മുതലായ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ദിനംപ്രതി അംഗങ്ങള്‍ ഭാഗിച്ചെടുത്തിരുന്നു. പതിവുള്ള മൂന്നു വ്രതങ്ങള്‍ക്കു പുറമേ, സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കയില്ലെന്നു നാലാമതൊരു വ്രതവും അവര്‍ എടുത്തിരുന്നു. 1589 ഏപ്രില്‍ 9-ാം തീയതി അസ്‌കാനിയോ ആഘോഷപൂര്‍വ്വം വ്രതവാഗ്ദാനം ചെയ്തു. അന്നാണ് അദ്ദേഹം ഫ്രാന്‍സിസു കരാച്ചിയോളാ എന്ന പേരു സ്വീകരിച്ചത്. ആദ്യത്തേ സുപ്പീ രിയര്‍ 1591-ല്‍ മരിക്കയാല്‍ ഫാദര്‍ ഫ്രാന്‍സിസ് സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ സംഗതികളിലും അദ്ദേഹം മാതൃകയായിരുന്നു. കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ദിവസന്തോറും ദീര്‍ഘനേരം അദ്ദേഹം ധ്യാനിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ വലിയ ഒരുഭാഗം വിശുദ്ധ കുര്‍ബാനയുടെ മുമ്പാകെ അദ്ദേഹം ചെലവഴിച്ചു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മുഖത്തിന് പ്രത്യേക പ്രസന്നത ഉണ്ടായിരുന്നു.’ ‘അങ്ങയുടെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങി.’ (സങ്കീ. 68.10) എന്ന വാക്യം പലപ്പോഴും അദ്ദേഹം ഉരുവിട്ടിരുന്നു.
പുതിയ സഭയുടെ പ്രഥമഭവനം നേപ്പില്‍സിലായിരുന്നു. തുടര്‍ന്നു സ്‌പെയിനിലും പല ഭവനങ്ങളുണ്ടായി. ഫാദര്‍ ഫ്രാന്‍സിസ്സിന്റെ തീക്ഷണത കണ്ടിട്ട് മാര്‍പാപ്പ അദ്ദേഹത്തെ ഒരു മെത്രാനാക്കാന്‍ പരിശ്രമിച്ചെങ്കിലും അദ്ദേഹം എതിര്‍ത്തു നിന്നു. പ്രാര്‍ത്ഥനയും ആത്മരക്ഷാ ജോലികളുമായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. അങ്ങനെ 44-ാം വയസ്സില്‍ പനി പിടിച്ചു 1608 ജൂണ്‍ 4-ാം തീയതി ഫാദര്‍ ഫ്രാന്‍സിസ് പര ലോകപ്രാപ്തനായി