ജൂണ്‍ 07: ന്യൂമിനിസ്റ്ററിലെ വിശുദ്ധ റോബര്‍ട്ട്
1139ല്‍ ഇംഗ്ലണ്ടില്‍ കാര്‍ക്കശമായ ബെനഡിക്ടന്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച 13 സന്യാസികളെ ബലം പ്ര യോഗിച്ച് യോര്‍ക്കില്‍ സെന്റ് മേരീസ് ആശ്രമത്തില്‍ നിന്ന് പുറത്താക്കുകയുണ്ടായി. അന്നു റോബര്‍ട്ട് വിറ്റ്ബി ആശ്രമത്തിലായിരുന്നു. അദ്ദേഹവും ബഹിഷ്കൃതരായ സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. പുല്ലുമേഞ്ഞ ഒരു പുരയില്‍ അവര്‍ ഹേമന്തം കഴിക്കേണ്ടിവന്നു. വസന്തകാലത്ത് അവര്‍ ക്ലെയര്‍ വോയില്‍ വിശുദ്ധ ബെര്‍ണാര്‍ദിന്റെ ശിഷ്യരോടുകൂടെ താമസിച്ചു. ഇവരുടെ പരിശുദ്ധ ജീവിതം കണ്ട് യോര്‍ക്കിലെ പ്രഭുവായ ഹ്യൂഗ് തന്റെ സമ്പത്തുമുഴുവന്‍ അവര്‍ക്ക് വിട്ടുകൊടുത്തു; അങ്ങനെ ഫൗണ്ടന്‍സ് ആശ്രമം ആരംഭിച്ചു. അവിടത്തെ സന്യാസികളുടെ സന്മാതൃക കണ്ട് സന്തുഷ്ടനായി നോര്‍ത്തമ്പര്‍ലന്റില്‍ ഒരാശ്രമം നിര്‍മ്മിച്ചു: അതിന് ന്യൂ മിനിസ്ററര്‍ ആശ്രമം എന്നുപേരിട്ടു. ഫാ. റോബര്‍ട്ട് പ്രസ്തുത ആശ്രമത്തിലെ ആബട്ടായി.
ആബട്ടു റോബര്‍ട്ടിന്റെ മാതൃകാപരമായ ജീവിതം അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന സന്യാസികളെ പരിപൂര്‍ണ്ണതയിലേക്കാനയിച്ചു. ഭക്ഷണമുറിയിലെ അദ്ദേഹത്തിന്റെ വ്യാപാരം മതിയായിരുന്നു അപരരെ ആശാനിഗ്രഹം അഭ്യസിപ്പിക്കാന്‍. ഒരു ഉയിര്‍പ്പ് തിരുനാള്‍ ദിവസം നോമ്പിലെ തപസ്സുകൊണ്ട് ഭക്ഷണത്തിന് രുചിതോന്നാതായപ്പോള്‍ സ്വല്പം റൊട്ടി തേനില്‍ മുക്കി ഭക്ഷിക്കാമെന്ന് അദ്ദേഹം വിചാരിച്ചു. എന്നാല്‍ സമയ മായപ്പോള്‍ അതും വേണ്ടെന്നുവച്ചു; അപരര്‍ക്ക് അത് ദുര്മ്മാതൃകയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം അങ്ങനെ ക്ഷീണിതനായിത്തീര്‍ന്ന ആബര്ട്ടു റോബര്‍ട്ടു 1159-ല്‍ ഈ ലോകവാസം വെടിഞ്ഞു.