ജൂലൈ 12: വിശുദ്ധ ജോണ്‍ ഗ്വാല്‍ബെര്‍ട്ട്
ഇറ്റലിയില്‍ ഫ്‌ളോറെന്‍സില്‍ ധനികരും കുലീനരുമായ മാതാപിതാക്കന്മാരില്‍നിന്നു വിശുദ്ധ ജോണ്‍ ജനിച്ചു. ക്രിസ്തീയ തത്വങ്ങള്‍ യൗവ്വനത്തില്‍ തന്നെ അഭ്യസിച്ചുവെങ്കിലും ക്രമേണ ലോകമായകളില്‍ അദ്ദേഹം മുഴുകി. സുകൃതാഭ്യാസനത്തിനുള്ള ന്യായങ്ങള്‍ അദ്ദേഹത്തെ സ്പര്‍ശിക്കാതായി, അങ്ങനെ ഇരിക്കുമ്പോഴാണു തന്റെ ഏക സഹോദരന്‍ ഹ്യൂഗോയെ ഒരു നാട്ടുകാരന്‍ വധിച്ചത്. ഈ വധത്തിനു പ്രതികാരം ചെയ്തി ല്ലെങ്കില്‍ തന്റെ അപമാനം തീരുകയില്ലെന്ന് ജോണ്‍ വിചാരിച്ചു.
അക്കൊല്ലം ദുഃഖവെള്ളിയാഴ്ച ഫ്‌ളോറെന്‍സില്‍ സ്വഭവനത്തിലേക്കു പോകുമ്പോള്‍ ഒരു ഇടുങ്ങിയ വഴിയില്‍വച്ചു സഹോദരന്റെ ഘാതകനെ കണ്ടുമുട്ടി. ഉടനെ വാളൂരി അവന്റെ കഥകഴിക്കണമെന്ന് ജോണ്‍ വിചാരിച്ചു. ഘാതകന്‍ തല്‍ക്ഷണം കുതിരപ്പുറത്തുനിന്നു താഴെ ഇറങ്ങി ജോണിന്റെ പാദത്തിങ്കല്‍ വീണുകൊണ്ട് അന്ന് ആരുടെ പീഡകളുടെ ഓര്‍മ്മ അനുസ്മരിക്കുന്നുവോ അവിടുത്തെയോര്‍ത്ത് തന്നോടു ക്ഷമിക്കണമെന്ന് അഭ്യര്‍തഥിച്ചു. സ്വഘാതകരോടു ക്ഷമിച്ച ക്രിസ്തുനാഥന്റെ ഓര്‍മ്മ യുവാവിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അയാള്‍ പറഞ്ഞു: ‘യേശുക്രിസ്തുവിന്റ നാമത്തില്‍ ചോദിക്കുന്ന യാതൊന്നും ഞാന്‍ തിരസ്‌കരിക്കയില്ല. നിന്റെ ജീവിതം മാത്രമല്ല എന്റെ മൈത്രിയും കൂടെ നിനക്കു ഞാന്‍ തരുന്നു. ദൈവം എന്റെ പാപം ക്ഷമിക്കാന്‍ നീ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.’ പരസ്പരം ആശ്ളേഷിച്ച് അവര്‍ യാത്രപറഞ്ഞു.
ആ സംഭവത്തിനു ശേഷം അദ്ദേഹം പോയതു വിശുദ്ധ ബെന്നറ്റിന്റെ സന്യാസ സഭവക ആശ്രമദൈവാലയത്തിലേക്കാണ്. അവിടെ ജോണ്‍ കുരിശുരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ക്രിസ്തു സ്‌നേഹസൂചകമായി ശിരസ്സു നമിച്ചു. അനുതാപപൂര്‍ണ്ണനായ ജോണ്‍ ആശ്രമത്തില്‍ ചേരാന്‍ അനുവാദം ചോദിച്ചു. ജോണിന്റെ കോപശീലത്തെ ഭയന്ന് ആബട്ട് അല്പം മടിച്ചെങ്കിലും അവസാനം ജോണിനു സഭാവസ്ത്രം നല്കി. കോപിഷ്ഠനായി പിതാവ് ഓടിയെത്തിയെങ്കിലും ചരിത്രംമുഴുവന്‍ കേട്ടപ്പോള്‍ ക്ഷമിച്ചു. പ്രാര്‍ത്ഥനയും നിരന്തര ധ്യാനവും വഴി ജോണ്‍ തന്നിലുണ്ടായ മാനസാന്തരം നിലനിറുത്തി. ക്രമേണ ശാന്തതയിലും എളിമയിലും ഏകാന്തതയിലും ക്ഷമയിലും അത്യധികം പുരോഗമിച്ചു. ആബെട്ടു മരിച്ചപ്പോള്‍ ആ സ്ഥാനത്തേക്കു ജോണിനെ തിരഞ്ഞെടുക്കാന്‍ അംഗങ്ങള്‍ അത്യധികം ആഗ്രഹിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അവിടെനിന്നു കൂടുതല്‍ ഏകാന്തത യ്ക്കായി ടസ്‌കനിയില്‍ ഒരാശ്രമം സ്ഥാപിച്ചു. അതാണു വലബ്രോസന്‍ സഭ (Order of Vallis Umbrosa). 1070-ല്‍ പുതിയസഭ ചാരവസ്ത്രത്തോടെ പ്രത്യക്ഷപ്പെട്ടു. ആജീവനാന്ത മൗനവും കഠിനമായ ആവൃതിയും പുതിയ സഭയുടെ പ്രത്യേകതകളാണ്.
എളിമയും ശാന്തതയും ഉയര്‍ന്ന തോതില്‍ ഫാ. ജോണ്‍ അഭ്യസിച്ചിരുന്നുവെങ്കിലും കുറ്റക്കാരെ ശാസിക്കാന്‍ മറന്നിട്ടില്ല. പുതിയ സഭ സ്ഥാപിച്ചിട്ടു മൂന്നു കൊല്ലമേ സ്ഥാപകന്‍
ജീവിച്ചിരുന്നുള്ളുവെങ്കിലും അതിനിടയ്ക്കു 12 ആശ്രമങ്ങളുണ്ടായി. ആദ്ധ്യാത്മികാധികാര വില്പന മുതലായ വൈദികരുടെ തെറ്റുകള്‍ കുറേയൊക്കെ അദ്ദേഹത്തിനു തിരുത്താന്‍ കഴിഞ്ഞു. 74-ാമത്തെ വയസ്സില്‍ 1073 ജൂലൈ 12-ാം തീയതി ജോണ്‍ ഗ്വാല്‍ബര്‍ട്ടു തന്റെ സ്വര്‍ഗ്ഗീയ സമ്മാനത്തിനായി ഈ ലോകത്തോടു വിടവാങ്ങി. 12-ാം ശതാബ്ദത്തിന്റെ അവസാനമായപ്പോഴേക്കു പുതിയ സന്യാസസഭയുടെ 60 മന്ദിരങ്ങളുണ്ടായി. നിയമങ്ങള്‍ സ്വല്പം ലാഘവപ്പെടുത്തി.