ആഗസ്‌ററ് 23: ലീമായിലെ വിശുദ്ധ റോസ കന്യക
അമേരിക്കയില്‍ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ, പെറു എന്ന തലസ്ഥാനമായ ലീമായില്‍ സ്പാനിഷു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്‌നാന നാമം ഇസബെല്‍ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ് എന്നു വിളിക്കാന്‍ തുടങ്ങി . ബാല്യം മുതല്‍ അവള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയില്‍ മൂന്നു പ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവള്‍ ഉപവസിച്ചു പോന്നു. അരയില്‍ ഒരു ഇരുമ്പു ചങ്ങലയും തല മുടിയുടെ ഇടയില്‍ ഒരു മുള്‍ക്കിരീടവും അവള്‍ ധരിച്ചിരുന്നു. വളര്‍ന്നു വന്നപ്പോള്‍ തോട്ടത്തില്‍ രുചിയില്ലാത്ത സസ്യങ്ങളാണ് അധികം അവള്‍ വളര്‍ത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പററി പലരും സംസാരിക്കുന്നതു കേട്ടപ്പോള്‍ അവള്‍ക്കു ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോള്‍ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപ മാക്കിയിരുന്നു. ഒരിക്കല്‍ ഒരു യുവാവു തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഓടി പ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തില്‍ താഴ്ത്തി.
സ്വന്തം പരീക്ഷകള്‍ ജയിക്കാനല്ല അപരര്‍ക്കു പരീക്ഷ ഉണ്ടാകാ തിരിക്കാനാണ് അവള്‍ അങ്ങനെ ചെയ്തത്. സീയെന്നായിലെ വിശുദ്ധ കത്രീനയായിരുന്നു അവളുടെ മാതൃക.
മാതാപിതാക്കന്മാരുടെ സമ്പത്തു നശിച്ച് അവര്‍ വലഞ്ഞു തുടങ്ങിയപ്പോള്‍ റോസ് അടുത്ത വീട്ടില്‍ സൂചിപ്പണിയും തോട്ടപ്പണിയും ചെയ്തു കുടുംബച്ചെലവു നടത്തിപ്പോന്നു. കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാന്‍ നിശ്ചയിച്ചുകൊണ്ടു റോസ് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. ഏകാന്തത്തിനുവേണ്ടി അവള്‍ ഉദ്യാനത്തില്‍ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. മുള്ളുകളുടെ ഇടയില്‍ത്തന്നെയാണ് ഈ റോസും വികസിച്ചത്. ദീര്‍ഘമായ രോഗത്തിലും സഹന ത്തിലും വിശുദ്ധ റോസിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: ”കര്‍ത്താവേ, എന്റെ സഹനങ്ങള്‍ വര്‍ദ്ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും വര്‍ദ്ധിപ്പിക്കുക.”
1617 ആഗസ്‌ററ് 24-ാം തീയതി 31-ാമത്തെ വയസ്സില്‍ ഈ പുഷ്പം വാടിവീണു. 1671-ല്‍ പത്താം ക്ളെമന്റു മാര്‍ പ്പാപ്പാ അവളെ പുണ്യവതി എന്നു പേരു വിളിച്ചു.