ആഗസ്റ്റ് 22: വിശുദ്ധ മേരി ലോകറാണി


ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കുന്നതു സമുചിതമായിട്ടുണ്ട്. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നുണ്ടല്ലോ. ക്രിസ്തുവിന്റെ രാജപദം നാം അംഗീകരിക്കുമ്പോള്‍ അവിടുത്തെ അമ്മയുടെ രാജ്ഞീപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ല്‍ ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയപ്പോള്‍ കന്യകാംബികയുടെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കാന്‍ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികള്‍ക്കു പ്രചോദനമായി. വളരെ പ്രാചീനമായ ‘പരിശുദ്ധ രാജ്ഞീ” എന്ന പ്രാര്‍ത്ഥന ക്രിസ്തീയ ഭക്തിയുടെ ചാച്ചിലെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

യാക്കോബിന്റെ ഭവനത്തില്‍ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിര്‍ത്തിയുണ്ടാകയില്ല. (ലൂക്കാ 1: 32-33) എന്നീ വചനങ്ങള്‍ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറിന സിയിന്‍സെന്‍ ദൈവമാതാവിനെ ‘അഖില ലോക രാജന്റെ അമ്മ ‘ അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക” എന്നൊക്കെ സംബോധനം ചെയ്തിട്ടുണ്ട്. ഈദൃശമായ സഭാ പിതാക്കന്മാരുടെ വചനങ്ങള്‍ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു: ‘രാജാധിരാജന്‍ മാതൃസ്ഥാനത്തേക്കു മേരിയെ ഉയര്‍ത്തിയിട്ടുള്ളതുകൊണ്ടു തിരുസ്സഭ അവളെ രാജ്ഞീ എന്ന മഹനീയ നാമം നല്കി ബഹുമാനിച്ചിരിക്കുന്നു”.

ഒമ്പതാം പീയൂസ് മാര്‍പ്പാപ്പ പറയുന്നു: ”സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും രാജ്ഞിയായും സ്വര്‍ഗ്ഗീയ വിശുദ്ധരുടേയും മാലാഖമാരുടെ വൃന്ദങ്ങളുടേയും ഉപരിയായും മേരിയെ കര്‍ത്താവ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് തിരുസഭ അവളോടു പ്രാര്‍ത്ഥിക്കുന്നു. അവള്‍ ആവശ്യപ്പെടുന്നവ ലഭിക്കുന്നു. ”

പന്ത്രണ്ടാം പീയൂസു മാര്‍പ്പാപ്പാ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ”ഈ തിരുനാള്‍ദിവസം കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവര്‍ഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കാവു ന്നതാണ്. മതത്തിന്റെ വിജയത്തിലും ക്രിസ്തീയ സമാധാനത്തിലും നിര്‍വൃതിയടയുന്ന ഒരു സൗഭാഗ്യയുഗം അതില്‍ അധിഷ്ഠിതമാണ്.”


Leave a Reply

Your email address will not be published. Required fields are marked *