സെപ്തംബര്‍ 2: വിശുദ്ധ ബ്രോക്കാര്‍ഡ്
ഏലിയാസിന്റെ കാലം മുതല്‍ മൗണ്ടുകാര്‍മലില്‍ സന്യാസികള്‍ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേക്കാലം അവരുടെ കൂടെ വസിക്കയുണ്ടായെന്ന് പറയുന്നു. കുരിശുയുദ്ധകാലത്ത് പാരിസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ബെര്‍ത്തോള്‍ഡ് എന്ന ഫ്രഞ്ചുകാരന്‍ കാര്‍മലിലെ
സന്യാസികളുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഫാങ്കു സന്യാസികളുടെ പ്രിയോരായി. ഇന്നത്തെ രൂപത്തില്‍ കര്‍മ്മലീത്താ സഭയുടെ സ്ഥാപകന്‍ വിശുദ്ധ ബെര്‍ത്തോള്‍ഡ് തന്നെയാണ്. 1195-ല്‍ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് വിശുദ്ധ ബ്രോക്കാര്‍ഡ്.
വിശുദ്ധ ബ്രോക്കാര്‍ഡിന്റെ അപേക്ഷപ്രകാരം ജെറുസലെം പേട്രിയാര്‍ക്കായിരുന്ന വിശുദ്ധ ആല്‍ബെര്‍ട്ട് മൗണ്ട്കാര്‍മലിലെ ഫ്രാങ്കിഷ് സന്യാസികള്‍ക്ക് ഒരു നിയമസംഹിത എഴുതിക്കൊടുത്തു. അതനുസരിച്ചാണ് കര്‍മ്മലീത്താസഭ പാശ്ചാത്യരാജ്യ ങ്ങളില്‍ വികസിച്ചത്.
വിശുദ്ധ ബ്രോക്കാര്‍ഡിന്റെ ശാന്തപ്രകൃതി മുഹമ്മദീയര്‍ക്കു വളരെ ഇഷ്ടപ്പെട്ടു; അതിനാല്‍ ബ്രോക്കാര്‍ഡ് മുഹമ്മദീയരുടെ ഒരു മിത്രമായിരുന്നു. വിശുദ്ധ ബ്രോക്കാര്‍ഡിന്റെ 36 കൊല്ലത്തെ ഭരണത്തിനിടയ്ക്ക് കര്‍മ്മലീത്താ സഭ യൂറോപ്പില്‍ അസൂയാവഹമാംവിധം വളര്‍ന്നു. വിശുദ്ധ സൈമണ്‍സ് റ്റോക്ക്, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, വലിയത്രേസ്യാ, കൊച്ചുത്രേസ്യാ, തെസാമാര്‍ഗരറ്റ്, മറിയം മഗ്ദലേനാ ദെ പാസ്സി മുതലായ വിശുദ്ധരെ ഈ സഭ തിരുസ്സഭയ്ക്ക് കാഴ്ചവച്ചു.