ഫ്രാന്‍സിസ് പാപ്പ നാളെ സിംഗപ്പൂരില്‍
ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ നാളെ സിംഗപ്പൂരിലെത്തും. തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടമാണ് സിംഗപ്പൂര്‍ സന്ദര്‍ശനം. ഏഷ്യയിലെ സാമ്പത്തിക ശക്തി കേന്ദ്രമായ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ഇതിനു മുമ്പ് 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ഇവിടം സന്ദര്‍ശിച്ചത്.
2020-ലെ സെന്‍സസ് പ്രകാരം സിംഗപ്പൂരില്‍ ബുദ്ധമതക്കാര്‍ ഏകദേശം 31% ആണ്. ജനസംഖ്യയുടെ അഞ്ചിലൊന്ന് പേര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ഏകദേശം 19 ശതമാനവും മുസ്ലീങ്ങള്‍ 15 ശതമാനവുമാണ്.
ബുധനാഴ്ച സിംഗപ്പൂരിലെത്തുന്ന പാപ്പ ജസ്യൂട്ട് വൈദികരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങ്, പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം 55,000 പേര്‍ക്ക് ഇരിക്കാവുന്ന ദേശീയ സ്റ്റേഡിയത്തില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അയല്‍രാജ്യങ്ങളായ മലേഷ്യ, ബ്രൂണെ എന്നിവിടങ്ങളില്‍ നിന്നുമുള്ള കത്തോലിക്കരും ബലിയര്‍പ്പണത്തില്‍ പങ്കുചേരും.
അവസാന ദിവസം സെന്റ് തെരേസാസ് ഹോമിലെ വയോധികരെ പാപ്പ സന്ദര്‍ശിക്കും. കാത്തലിക് ജൂനിയര്‍ കോളേജില്‍ യുവാക്കള്‍ക്കായി മതസൗഹാര്‍ദ സംഗമവും നടത്തും.