Daily Saints

സെപ്തംബര്‍ 15: വ്യാകുലമാതാവ്


കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍ കൊണ്ടാടുന്നു. 1814-ല്‍ വിപ്രവാസത്തില്‍ നിന്നു സ്വതന്ത്രനായപ്പോള്‍ ഏഴാം പീയൂസു മാര്‍പാപ്പാ സ്ഥാപിച്ചതാണ് ഈ തിരുനാള്‍. അതിനു മുമ്പ് മേരീദാസരുടെ സഭയ്ക്ക് ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി നല്‍കിയിരുന്നു.

ദൈവമാതാവിന്റെ ശുദ്ധീകരണ ദിവസം ഉണ്ണീശോയെ ശെമയോന്റെ കരങ്ങളില്‍ കാഴ്ചവച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ കൈയിലെടുത്തുകൊണ്ട് ഈ ശിശു അനേകരുടെ ഉന്നമനത്തിനും അനേകരുടെ അധഃപതനത്തിനുമായി നിയുക്തനായിരിക്കുന്നുവെന്നു പ്രഖ്യാപിച്ചുകൊണ്ടു മറിയത്തോടു പറഞ്ഞു: ‘ഒരു വാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കും.’ ഈ പ്രവചനമാണ് ഒന്നാമത്തെ വ്യാകുലതയായി എണ്ണിയിരിക്കുന്നത്.

ഹേറോദേസിന്റെ വാളില്‍നിന്നു രക്ഷപ്പെടാന്‍ ഈജിപ്തിലേക്കുള്ള പലായനം രണ്ടാമത്തെ വ്യാകുലതയും പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഈശോ ദൈവാലയത്തില്‍ കാണാതായതു മൂന്നാമത്തെ വ്യാകുലതയുമായി.

ഈശോ ഗാഗുല്‍ത്തായിലേക്കു കുരിശു വഹിച്ചുകൊണ്ടു പോകുന്ന കാഴ്ച്ച മറിയത്തിന്റെ നാലാമത്തെ വ്യാകുലതയും ഗാഗുല്‍ത്തായില്‍ കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നത് അഞ്ചാമത്തെ വ്യാകുലതയും ഈശോയുടെ മൃതശരീരം മടിയില്‍ കിടത്തിയത് ആറാമത്തെ വ്യാകുലതയും നമ്മുടെ കര്‍ത്താവിന്റെ സംസ്‌ക്കാരം ഏഴാമത്തെ വ്യാകുലതയുമായി.

ഇങ്ങനെ പ്രധാനപ്പെട്ട ഏഴു വ്യാകുലതകള്‍ ദൈവമാതൃഭക്തര്‍ കൈവിരലെണ്ണി ധ്യാനിക്കുന്നെങ്കിലും ബെത്‌ലേഹമിലെ കാലിത്തൊഴുത്തും നസ്രത്തും പരസ്യ ജീവിതരംഗങ്ങളും എന്തുമാത്രം വ്യാകുലതകള്‍ക്കു കാരണമായിട്ടുണ്ടെന്ന് ആര്‍ക്കു വര്‍ണ്ണിക്കാന്‍ കഴിയും. അതിനാല്‍, രക്തസാക്ഷികളുടെ രാജ്ഞി, എന്നു മറിയത്തെ സംബോധന ചെയ്യുന്നു.


Leave a Reply

Your email address will not be published. Required fields are marked *