ഏഷ്യാ പര്യടനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ മടങ്ങി
12 ദിവസങ്ങള്‍ നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ പര്യടനം പൂര്‍ത്തിയായി. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാപ്പ വെള്ളിയാഴ്ച വത്തിക്കാനിലേക്ക് തിരിച്ചു.
അനാരോഗ്യം അലട്ടുന്ന 87-കാരനായ മാര്‍പാപ്പ, യാത്രയിലുടനീളം ഉന്മേഷവാനായിരുന്നു. നാലു രാജ്യങ്ങളിലായി നാല്‍പ്പതിലധികം ഔദ്യോഗിക പരിപാടികളിലാണ് പാപ്പ പങ്കെടുത്തത്. ഈസ്റ്റ് ടിമോറില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് ആറു ലക്ഷത്തോളം പേരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 13 ലക്ഷത്തോളമേയുള്ളു. 96% കത്തോലിക്കരുള്ള ഈസ്റ്റ് തിമോര്‍, പാപ്പയുടെ പര്യടനത്തിലെ ഏക കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായിരുന്നു.
കാല്‍മുട്ടു വേദനയും നടുവേദനയും അനുഭവിക്കുന്ന മാര്‍പാപ്പ യാത്രയില്‍ വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. ഷെഡ്യൂള്‍ ചെയ്ത എല്ലാ പരിപാടികളിലും കൃത്യസമയത്ത് പാപ്പ പങ്കെടുത്തു.
മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് ദേശീയ ഗ്രാന്‍ഡ് ഇമാമുമായി ആഗോള കാലാവസ്ഥാ നടപടിക്ക് ആഹ്വാനം ചെയ്തുകൊണ്ട് സംയുക്ത പ്രഖ്യാപനം നടത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്ന് സിംഗപ്പൂര്‍ സര്‍ക്കാറിനോട് പാപ്പ അഭ്യര്‍ത്ഥിച്ചു.
പാപ്പുവ ന്യൂ ഗിനിയയില്‍, മാര്‍പ്പാപ്പ ഒരു വിദൂര വനഗ്രാമം സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം അക്രമത്തെ അപലപിക്കുകയും അന്ധവിശ്വാസത്തിലും മാന്ത്രികതയിലും വേരൂന്നിയ ആചാരങ്ങളെ നിരാകരിക്കുകയും ചെയ്തു. നാട്ടുകാര്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു.