ദുരന്തങ്ങള്‍ക്കു മുന്നില്‍ തളരാതെ പ്രത്യാശയോടെ മുന്നേറുക: പാപ്പയുടെ യുവജന ദിന സന്ദേശം
യുദ്ധങ്ങള്‍, സാമൂഹ്യ അനീതികള്‍, അസമത്വം, പട്ടിണി, ചൂഷണം തുടങ്ങിയ ദുരന്തങ്ങള്‍ നിരാശ വിതയ്ക്കുന്ന കാലഘട്ടത്തില്‍ തളരാതെ പ്രത്യാശയില്‍ മുന്നേറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2024 നവംബര്‍ 24-ന് ആചരിക്കുന്ന മുപ്പത്തിയൊന്‍പതാമത് ലോക യുവജനദിനത്തിന് മുന്നോടിയായി നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രചോദനദായകമായ ഈ വാക്കുകള്‍.
‘കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവന്‍ തളരാതെ ഓടും’ (ഏശയ്യ 40: 31) എന്ന വചനമാണ് യുവജന ദിനാചരണത്തിന്റെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ന് യുവതീയുവാക്കള്‍ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്തിലാകുകയും, സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാകുകയും അങ്ങനെ, അവര്‍ ആശയറ്റവരായി, വിരസതയുടെയും വിഷാദത്തിന്റെയും തടവുകാരായി ജീവിക്കേണ്ടി വരുന്ന അപകടത്തിലാകുകയും ചെയ്യുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു.
കര്‍ത്താവ് ഇന്നും അവര്‍ക്കു മുന്നില്‍ ഒരു വഴി തുറന്നിടുകയും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ആ പാതയില്‍ സഞ്ചരിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. തളരാതെ മുന്നേറണമെന്നു പറഞ്ഞ പാപ്പാ, എന്നാല്‍ തളര്‍ച്ചയുണ്ടാകുമ്പോള്‍ വിശ്രമിക്കുകയല്ല പ്രതിവിധിയെന്നും യാത്ര തുടരുകയാണ് ചെയ്യേണ്ടതെന്നും പാപ്പ സന്ദേശത്തില്‍ പറയുന്നു.
ജീവിത തീര്‍ത്ഥാടനവും അതിന്റെ വെല്ലുവിളികളും, മരുഭൂവിലെ തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍ എന്നതില്‍ നിന്ന് തീര്‍ത്ഥാടകരിലേക്ക്, പ്രേഷിതദൗത്യത്തിനായുള്ള പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്നിങ്ങനെ നാല് ഉപശീര്‍ഷകങ്ങളിലായാണ് പാപ്പയുടെ സന്ദേശം.