സെപ്റ്റംബര്‍ 20: വിശുദ്ധ എവ്സ്റ്റാക്കിയൂസും കൂട്ടരും
ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്ന പ്ലാസ്സിടൂസാണ് ക്രിസ്ത്യാനിയായി എവ്സ്റ്റാക്കിയൂസ് എന്ന നാമധേയം സ്വീകരിച്ചത്. അദ്ദേഹ ത്തിന്റെ ഭാര്യ ടസിസാന മാനസാന്തരത്തിനുശേഷം തെയോപിസ്‌തെസ് എന്ന് പേരെടുത്തു. അഗാപിന്തുസ്, തെയോപിസസ് എന്ന രണ്ടു പുത്രന്മാരാണ് അവര്‍ക്കുണ്ടായിരുന്നത്. ഒരു ദിവസം എവുസ്റ്റാക്കിയൂസ് നായാട്ടിനുപോയപ്പോള്‍ ഒരു മാനിന്റെ കൊമ്പുകളുടെ ഇടയ്ക്ക് ക്രൂശിതനായ രക്ഷകന്റെ ഒരു ചിത്രം കാണുകയുണ്ടായി. ഉടനെ അദ്ദേഹം മാനസാന്തരപ്പെട്ടു; ഭാര്യയേയും കുട്ടികളേയും തന്നില്‍നിന്ന് വേര്‍പെടുത്തി. എവുസ്റ്റാക്കിയൂസ് ഒരു ധനികന്റെ വയലില്‍ ജോലിചെയ്തുകൊണ്ടിരുന്നു.
അതിനിടയ്ക്ക് ചക്രവര്‍ത്തിക്ക് വമ്പിച്ച പരാജയങ്ങളുണ്ടായി. അദ്ദേഹം എവുസ്റ്റാക്കിയൂസിനെ തേടിപ്പിടിച്ചു സൈന്യാധിപനാക്കി. അപ്പോള്‍ ഭാര്യയേയും മക്കളേയും കണ്ടു മുട്ടി. അദ്ദേഹം യുദ്ധരംഗത്തുനിന്ന് വിജയശ്രീലാളിതനായി തിരിച്ചുവന്നു. വമ്പിച്ച വരവേല്‍പ്പാണ് എവുസ്റ്റാക്കിയൂസിന് നല്കിയത്. അനന്തരം ദേവന്മാര്‍ക്ക് ബലിചെയ്യണമെന്ന് ആജ്ഞാപനമുണ്ടായി. എവുസ്റ്റാക്കിയൂസും കുടുംബവും അതിന് തയ്യാറായില്ല. അവരെ വന്യമ്യഗങ്ങള്‍ക്ക് ഇട്ടു കൊടുക്കാന്‍ കല്‍പനയായി; എന്നാല്‍ അവ അവരെ തൊട്ടില്ല. ഇതുകണ്ട് ക്രുദ്ധനായ ചക്രവര്‍ത്തി അവരെ ഒരു പിത്തളക്കാളയുടെ ഉള്ളിലാക്കി അടിയില്‍ തീയിട്ടു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം ചൂടി.