Daily Saints

ഒക്ടോബര്‍ 18: വിശുദ്ധ ലൂക്കാ സുവിശേഷകന്‍


ലൂക്ക് അന്തിയോക്യയില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്ന് ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങള്‍ അന്ന് അന്തിയോക്യായിലായിരുന്നതുകൊണ്ടു ലൂക്കിനു നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂര്‍ത്തിയാക്കി. പൗലോസു ശ്ലീഹാ ട്രോവാസില്‍നിന്നു ഫിലിപ്പിയായിലേക്കു പോകുംവഴി ലൂക്കാ മാനസാന്തരപ്പെട്ട് അദ്ദേഹത്തിന്റെ കൂടെ പ്രേഷിതയാത്രകള്‍ നടത്തിക്കൊണ്ടിരുന്നു. 53ലോ 55-ലോ ആരംഭിച്ച ഈ ബന്ധം ശ്ലീഹായുടെ മരണംവരെ നിലനിന്നു. സേസരെയായില്‍വച്ചു കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോഴും റോമായാത്രയിലും ലൂക്കാ അദ്ദേഹത്തെ അനുയാത്രചെയ്തു. കൊളോസ്യക്കുള്ള ലേഖനത്തില്‍ ശ്ലീഹാ വിശുദ്ധ ലൂക്കായെ ”എന്റെ പ്രിയപ്പെട്ട വൈദ്യാ” എന്നു സംബോധന ചെയ്തിരിക്കുന്നു. (4: 14) ശ്ലീഹാ അദ്ദേഹത്തെ സഹപ്രവര്‍ത്തകന്‍ എന്നും വിളിച്ചു കാണുന്നുണ്ട്. (2 തിമോ 4: 11; ഫിലി. 1: 24)

ലൂക്കാ തന്റെ സുവിശേഷം 60-ാം ആണ്ടില്‍ അക്കയായില്‍ വച്ച് എഴുതിയെന്നു പറയപ്പെടുന്നു. ശ്ലീഹായുടെ പ്രസംഗങ്ങളെ ആശ്രയിച്ചാണ് ലൂക്കാ സുവിശേഷം എഴുതിയത്. എന്നാല്‍ പൗലോസും ലൂക്കായും ഈശോയുടെ ജീവിതസംഭവങ്ങള്‍ക്കു ദൃക്തസാക്ഷികളല്ലാതിരിക്കേ ഈശോയുടേയും സ്‌നാപകയോഹന്നാന്റെയും ബാല്യത്തെ സംബന്ധിച്ചു നല്‍കുന്ന വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണ ചാതുര്യം വിശദമാക്കുന്നു. വിശുദ്ധ മത്തായിയും മര്‍ക്കോസും നല്‍കാത്ത ചില സൂക്ഷ്മവിവരങ്ങള്‍ ലൂക്കാ നല്‍കിയിട്ടുണ്ട്.

ദൈവമാതാവിന്റെ ചിത്രം ആദ്യം വരച്ചതു ലൂക്കയാണെന്നു പറയപ്പെടുന്നു. അതിനാല്‍ ലൂക്കാ ഒരു ഭിഷഗ്വരനും ചിത്രമെഴുത്തുകാരനുമായിരുന്നു. ദൈവമാതാവിന്റെ സങ്കീര്‍ത്തനം വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിലുദ്ധരിച്ചിരിക്കുന്നു. അതിനാല്‍ ഇദ്ദേഹം കന്യകാമറിയത്തെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചുവെന്നു ചിന്തിക്കുന്നതില്‍ അപാകതയില്ല.

ലൂക്കായാണു മൂന്നാമത്തെ സുവിശേഷത്തിന്റെയും നടപടി പുസ്തകത്തിന്റെയും ഗ്രന്ഥകാരന്‍. രണ്ടും തെയോഫിലസ്സിനെ സംബോധനം ചെയ്താണ് എഴുതിയിരിക്കുന്നത്. തെയോഫിലസ്സു ഒരു ചരിത്രപുരുഷനാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. ഒരു തൂലികാ നാമമാണെന്നും വരാം. എന്തെന്നാല്‍ ഈശ്വരവത്സലന്‍ എന്നാണ് സംജ്ഞയുടെ വാച്യാര്‍ത്ഥം. സുന്ദരവും സരളവും സാഹിത്യഗുണം തുളുമ്പുന്നതുമായ ഒരു ഗ്രീക്കു ശൈലിയാണ് കലാകാരനായ വിശുദ്ധ ലൂക്കാ ഉപയോഗിച്ചിട്ടുള്ളത്. ശ്ലീഹായുടെ മരണത്തിനുശേഷം ലൂക്കാ അക്കയായില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും അവിടെ വച്ചു മരിച്ചുവെന്നുമാണു പാരമ്പര്യം.


Leave a Reply

Your email address will not be published. Required fields are marked *