ഒക്ടോബര്‍ 20: വിശുദ്ധ ബെര്‍ട്ടില്ലാ മേരി ബൊസ്‌കാര്‍ഡിന്‍
”വി. ഡൊറോത്തിയുടെ അദ്ധ്യാപകര്‍” അഥവാ ”തിരുഹൃദയത്തിന്റെ പുത്രിമാര്‍” എന്ന സന്യാസ സഭയിലെ ഒരംഗമായ ബെര്‍ട്ടില്ലാ വടക്കേ ഇറ്റലിയില്‍ ബ്രെന്റാളാ എന്ന സ്ഥലത്തു ജനിച്ചു. ജ്ഞാനസ്‌നാനനാമം അന്ന ഫ്രാന്‍സിസ് എന്നായിരുന്നു; വിളിച്ചിരുന്നത് അന്നെററാ എന്നാണ്. ഗ്രാമീണ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് സ്വഭവനത്തിലും സമീപസ്ഥ ഭവനത്തിലും ഒരു വീട്ടുവേലക്കാരിയായി അവള്‍ ജോലി ചെയ്തിരുന്നു. പ്രകൃത്യാ ശക്തയായിരുന്നു അന്നെറ്റാ. സ്ഥലത്തേ ഒരു വൈദികന്‍ ഡോണ്‍ കപ്പോവില്ലാ അവളെ ദൈവം വിളിക്കുന്നുണ്ടെന്നു തോന്നുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ വികാരി യച്ചന്‍ ഡോണ്‍ ഗ്രേസ് ചിരിച്ചു. എങ്കിലും അദ്ദേഹം അടുത്ത ഒരു മഠത്തില്‍ ചേരാന്‍ അവളെ ശുപാര്‍ശചെയ്തു. അവര്‍ അവളെ ചേര്‍ത്തില്ല. എങ്കിലും 16-ാമത്തെ വയസ്സില്‍ വി. ഡൊറോത്തിയുടെ സഹോദരീസംഘത്തില്‍ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ബെര്‍ട്ടില്ലാ എന്ന പുതിയ പേരും കിട്ടി.
ഒരു വര്‍ഷം മഠത്തിലേ അലക്ക്, കുശിനിപ്പണി മുതലായവ ചെയ്തു. പിറേറവര്‍ഷം ട്രെവിസോയിലുണ്ടായിരുന്ന മഠം വക ആശുപത്രിയില്‍ നേഴ്സിങ്ങു പഠിച്ചു. എങ്കിലും കുറേക്കാലവും കൂടി കുശിനിപ്പണിതന്നെ ചെയ്തുവന്നു. കുറേ കഴിഞ്ഞ് അവള്‍ ആശുപത്രി ജോലിയില്‍ നിയുക്തയായി; താമസിയാതെ രോഗിണിയുമായി. 22-ാമത്തെ വയസ്സുമുതല്‍ മരണംവരെ കഠിനവേദനയനുഭവിക്കേണ്ടതായി വന്നു. ശസ്ത്ര ക്രിയകള്‍ക്കൊന്നും വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല.
ബെര്‍ട്ടില്ലാ ലിസ്യൂവിലെ ത്രേസ്യയുടെ കുറുക്കുവഴിയില്‍ കൂടെയാണ് നടന്നിരുന്നത്. ആരോഗ്യം മോശവും ബുദ്ധി ശക്തി സാധാരണവും കഴിവുകള്‍ കുറവുമായിരുന്നെങ്കിലും പ്രായോഗിക വിവേകത്തില്‍ ഉയര്‍ന്ന ഒരു നിലവാരം അവള്‍ പാലിച്ചിരുന്നു. അനുദിന കൃത്യങ്ങള്‍ ശരിയായി നിര്‍വ്വഹിച്ച് അവള്‍ പുണ്യമാര്‍ഗ്ഗത്തില്‍ ചരിച്ചു. ഒന്നാമത്തേ ചരമവാര്‍ഷിക ദിവസം ട്രെവിസോ ആശുപ്രതിയില്‍ ഒരു സ്മാരക ശിലവച്ചു: ”ഇവിടെ മനുഷ്യവേദന ഒരു മാലാഖയെപ്പോലെ കുറേക്കൊല്ലം ശമിപ്പിച്ചുകൊണ്ടിരുന്ന സിസ്റ്റര്‍ ബെര്‍ട്ടില്ലാ ബൊസ് കാര്‍ഡിന്റെ ഓര്‍മ്മയ്ക്ക്.” 1952-ല്‍ അവളെ അനുഗൃഹീതയെന്നും 1961-ല്‍ വിശുദ്ധയെന്നും നാമകരണം ചെയ്തു..